India National

പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലടക്കം ബില്ലിനെതിരെ വ്യാപക പ്രക്ഷോഭം തുടരുന്നതിനിടെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചത്. വ്യാഴാഴ്ച രാഷ്ട്രപതി ഒപ്പുവെച്ച ശേഷം ബില്‍ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ നിയമം പ്രാബല്യത്തിലായി.

2019 ലെ പൗരത്വ ബില്ലിന് പ്രസിഡന്റ് രാം നാഥ് കോവിന്ദ് അംഗീകാരം നല്‍കിയതോടെ വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്യത്തിലായി. മൂന്ന് അയൽരാജ്യങ്ങളിൽ നിന്നുള്ള മുസ്ലീങ്ങളല്ലാത്ത കുടിയേറ്റക്കാർക്ക് പൗരത്വം വാഗ്ദാനം ചെയ്യുന്നതാണ് ബില്‍. രൂക്ഷമായ സംവാദങ്ങൾക്ക് ശേഷം പൗരത്വ ഭേദഗതി ബിൽ ബുധനാഴ്ച രാജ്യസഭയും തിങ്കളാഴ്ച ലോക്സഭയും പാസാക്കിയിരുന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് മതപരമായ പീഡനങ്ങൾ മൂലം രാജ്യത്തേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ സമുദായാംഗങ്ങളെ നിയമവിരുദ്ധ കുടിയേറ്റക്കാരായി കണക്കാക്കാതെ ഇന്ത്യൻ പൗരത്വം നൽകുമെന്നതാണ് ബില്ലിലെ വാഗ്ദാനം.

2014 ഡിസംബർ 31 വരെയുള്ള കുടിയേറ്റത്തിനാണ് നിയമപ്രാബല്യമുണ്ടാവുക. അയൽരാജ്യങ്ങളിൽ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ ഉദ്ദേശിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിവ്യക്തമാക്കി. അതേസമയം, മുസ്ലീങ്ങൾക്ക് സംരക്ഷണം നൽകാതെ ഇന്ത്യയുടെ മതേതര ഭരണഘടനയെ ദുർബലപ്പെടുത്തുന്നതാണ് പുതിയ നിയമമെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. അതിനിടെ മുസ്‌ലിം കുടിയേറ്റക്കാർക്ക് മാത്രം പൗരത്വം നിഷേധിക്കുന്നത് കടുത്ത വിവേചനമാണെന്നും ബിൽ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട മുസ്‍ലിം ലീഗ് ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. കൂടുതൽ പ്രതിപക്ഷ പാർട്ടികളും ബില്ലിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്