നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമാന്ത്രിയുമായ ചിന്‍മയാനന്ദിനെ അറസ്റ്റ് ചെയ്തു. കേസിനായി സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഷാജഹാന്‍പൂരിലെ ആശ്രമത്തില്‍ നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മൂന്ന് തവണ പെണ്‍കുട്ടി ചിന്‍മയാനന്ദിനെതിരെ മൊഴി നല്‍കിയിട്ടും അറസ്റ്റുണ്ടാകാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അറസ്റ്റ്. കഴിഞ്ഞയാഴ്ച്ച ആശ്രമത്തിലെത്തിയ പ്രത്യേക അന്വേഷണ സംഘം ചിന്‍മയാന്ദിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു തുടര്‍ ആശ്രമം സീല്‍ ചെയ്യുകയും ചെയ്തു.
എന്നാല്‍ ചിന്‍മയാനന്ദിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയില്ല. തുടര്‍ന്ന് ശക്തമായ പ്രതിഷേധമുണ്ടായി. തന്‍റെ മരണ ശേഷമേ അറസ്റ്റുണ്ടാവുകയുള്ളോ എന്ന് പെണ്‍കുട്ടി ചോദിച്ചു. എന്നാല്‍ വയറിളക്കത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് പൊലീസ് സംഘം നല്‍കിയ മറുപടി. എന്നാല്‍ ഇന്ന് രാവിലെ ആശുപത്ര വിട്ട ചിന്‍മയാനന്ദ് ആശ്രമത്തിലെത്തുകയും അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചിന്മയാനന്ദിന് കീഴിലുള്ള നിയമ കോളജിലാണ് വിദ്യാര്‍ഥിനി പഠിച്ചിരുന്നത്. ഹോസ്റ്റലിലെ ബാത്ത് റൂമില്‍ നിന്നും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഇത് ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തു എന്നാണ് വിദ്യാര്‍ഥിനി പരാതിയില്‍ പറയുന്നത്.