കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ നിന്ന് ചൈനീസ് സൈന്യം പൂർണമായും പിന്‍മാറിയെന്ന് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. മേഖലയില്‍ രണ്ട് കിലോമീറ്ററാണ് ചൈന പിൻവാങ്ങിയത് . ഈ മാസം പകുതിയോടെ പാൻഗോങ് ടിസൊ ഒഴികെ എല്ലാ മേഖലകളിൽ നിന്നും ചൈനയുടെ പിന്മാറ്റം ഉണ്ടാകുമെന്നാണ് ഇന്ത്യ കണക്ക് കൂട്ടുന്നത്.
ഗാൽവാൻ താഴ് വര, ഹോട്ട് സ്പ്രിങ്, ഗോർഗ എന്നീ പ്രദേശങ്ങളിൽ നിന്നാണ് ചൈന പിന്മാറിയത്. പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ ഗാൽവാൻ താഴ് വരയിൽ ചൈന ഉണ്ടാക്കിയ ടെന്‍റുകള്‍ പൂർണമായും പൊളിച്ചു മാറ്റിയ തരത്തിലാണ്. മേഖലയിൽ നിന്ന് ഇന്ത്യയും മാറി നില്കും. ബഫർ സോണുകളിൽ പട്രോളിംഗ് നടത്തുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. പാൻഗോഗ് ടിസൊയിൽ നിന്ന് ചൈന വേഗത്തിൽ ഒഴിഞ്ഞു മാറില്ലെന്നാണ് റിപ്പോർട്ടുകൾ.
കൂടുതൽ സൈനിക വിന്യാസം നടത്തിയ മേഖലയും ഇതാണ്. സൈനിക തലത്തിൽ നടക്കുന്ന അടുത്ത ചർച്ചയോടെ ഈ മേഖല ഒഴികെ മറ്റെല്ലായിടത്തും നിന്നും ചൈന പിന്മാറുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ മുപ്പതാം തിയതി നടന്ന ചർച്ചയിൽ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് ചൈന കിഴക്കൻ ലഡാക്കിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് പിൻവാങ്ങുന്നത്. ചൈന പിന്മാറുന്നുണ്ടെങ്കിലും ഇന്ത്യ അതിർത്തിയിൽ സൈനിക വിന്യാസം വർധിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം നാവിക സേനയുടെ യുദ്ധ വിമാനം മേഖലയിൽ അഭ്യാസ പ്രകടനം നടത്തിയിരുന്നു.