തന്റെ മറുപടി യഥാര്‍ഥ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇനിയും കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജമ്യാങ് സെരിങ് നങ്യാല്‍
ലഡാക്ക് അതിര്‍ത്തിയില്‍ ചൈന കടന്നു കയറിയിട്ടുണ്ടോ എന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് മറുപടിയുമായി ലഡാക്ക് ബിജെപി എംപി ജമ്യാങ് സെരിങ് നങ്യാല്‍. അതിര്‍ത്തി തര്‍ക്കം ഉന്നയിക്കാന്‍ മിര്‍സാ ഗാലിബിന്‍റെ വരികള്‍ ഉപയോഗിച്ച് അമിത് ഷായെ രാഹുല്‍ കടന്നാക്രമിച്ചിരുന്നു . ഇതിന് മറ്റൊരു കവിതയുമായി രാജ്നാഥ് സിങ് മറുപടിയും പറഞ്ഞു. ഇതിന് പിന്നാലെയാണ് നേരിട്ടുള്ള ചോദ്യവുമായി രാഹുല്‍ രംഗത്തെത്തിയത്. ഇതിന് മറുപടിയുമായാണ് ജമ്യാങ് സെരിങ് നങ്യാല്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് ഭരണകാലത്താണ് ചൈനീസ് സൈന്യം ഇന്ത്യയുടെ ഭാഗങ്ങള്‍ കൈയ്യടക്കിയതെന്നാണ് ജമ്യാങ് സെരിങ് നങ്യാല്‍ പറയുന്നത്.
ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ മുന്നോടിയായി അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്‍റെ നിലപാട് വിശദീകരിച്ച് അമിത് ഷാ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ റാലി നടത്തിയതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിനെ കടന്നാക്രമിച്ച് രാഹുല്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസിന്‍റെ കാലത്ത് അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ ഇന്ത്യ കയ്യും നീട്ടി ഏറ്റുവാങ്ങുക മാത്രമാണ് ചെയ്തിരുന്നതെന്നും എന്നാല്‍ സര്‍ജിക്കല്‍ അറ്റാക്ക് നടത്തി ശത്രുവിനെ അതിനെ മടയില്‍ കയറി നേരിട്ടത് മോദി സര്‍ക്കാറാണെന്നും ഷാ അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ലഡാക്കില്‍ ചൈന ഇന്ത്യയുടെ ഭൂമി കയ്യേറിയെന്ന സത്യം എല്ലാവര്‍ക്കും അറിയാമെന്നും ഹൃദയത്തെ സന്തോഷിപ്പിച്ചു നിര്‍ത്താന്‍ അമിത് ഷാക്ക് ഈ വിചാരങ്ങള്‍ ഉപകാരപ്പെടുമെന്നും രാഹുല്‍ കുറിച്ചു.
Once RM is done commenting on the hand symbol, can he answer:
— Rahul Gandhi (@RahulGandhi) June 9, 2020
Have the Chinese occupied Indian territory in Ladakh?
സബ്‌കോ മാലൂം ഹൈ സീമാ കെ ഹഖീഖത്ത് ലേകിന്‍’ എന്ന ഈ വരികള്‍ക്ക് മിര്‍സാ ഗാലിബിന്‍റെ പ്രശസ്തമായ ഒരു പദ്യ ശകലവുമായി സാമ്യത ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ‘ഹൃദയത്തിന് ചികില്‍സ വേണ്ടിവന്നാല്‍ അത് നല്‍കാം, എന്നാല്‍ ഹൃദയം തന്നെയാണ് രോഗമെങ്കില്‍ എന്തു ചെയ്യും’ എന്ന മന്‍സര്‍ ലഖ്‌നവിയുടെ കവിതയില്‍ ചെറിയൊരു മാറ്റം വരുത്തി രാജ്‌നാഥ് രംഗത്തെത്തിയത്. ഹൃദയം എന്ന വാക്കിന്‍റെ സ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പു ചിഹ്‌നമായ കൈ എന്നു തിരുത്തിയാണ് രാജ്‌നാഥ് ട്വീറ്റ് ചെയ്തത്. ഇതേ തുടര്‍ന്നാണ് ലഡാക്കിലെ കയ്യേറ്റ വിഷയത്തില്‍ പ്രതിരോധമന്ത്രിയെ നേര്‍ക്കു നേരെ ചോദ്യം ചെയ്ത് രാഹുല്‍ രംഗത്തെത്തിയത്.
ഇതിന് മറുപടിയായി തന്‍റെ ട്വീറ്റില്‍ ജമ്യാങ് സെരിങ് നങ്യാല്‍ എംപി നിരവധി കാര്യങ്ങളാണ് അക്കമിട്ട് നിരത്തിയിരിക്കുന്നത്. ചൈന ഇന്ത്യയുടെ പ്രദേശങ്ങള്‍ കയ്യടക്കിയിട്ടുണ്ട്. പക്ഷേ അതൊക്കെ കോണ്‍ഗ്രസ് ഭരിക്കുമ്പോഴായിരുന്നുവെന്നാണ് ജമ്യാങ് സെരിങ് നങ്യാല്‍ പറയുന്നത്. ഇതിനായി നാല് ഉദാഹരണങ്ങളാണ് ജമ്യാങ് സെരിങ് നങ്യാല്‍ എടുത്ത് പറഞ്ഞിരിക്കുന്നത്. ഈ വിവരണങ്ങള്‍ക്കൊപ്പം അതിന്‍റെ മാപ്പും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
- അക്‌സായ് ചിന്നിലെ 37,244 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം 1962 ല്‍ ചൈന കൈവശപ്പെടുത്തി, അത് കോണ്‍ഗ്രസ് ഭരണകാലത്തായിരുന്നു.
- ചുമുര്‍ എരിയയിലെ തിയ പാങ്‌നാക്, ചബ്ജി വാലി എന്നിവ 2008ലെ യുപിഎ ഭരണകാലത്താണ് ചൈന കൈവശപ്പെടുത്തിയത്.
- ഡെംചോക്കിലെ സൊരാവര്‍ ഫോര്‍ട്ട് 2008ല്‍ ചൈനീസ് സൈന്യം തകര്‍ത്തു. 2012ല്‍ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് അവിടെ അവര്‍ നിരീക്ഷണ കേന്ദ്രം നിര്‍മിച്ചു. മാത്രമല്ല 13 കോണ്‍ക്രീറ്റ് വീടുകള്‍ ഉള്‍പ്പെടുന്ന കോളനി സ്ഥാപിച്ചു.
- ദുങ്തി, ഡെംജോക് എന്നിവയ്ക്കിടയിലുള്ള പുരാതന വ്യാപാര പാതയായിരുന്ന ദൂം ചെലെയ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടതും 2008-2009 വര്‍ഷത്തില്‍ യുപിഎ സര്‍ക്കാരിന്‍റെ കാലത്താണ്.
2012 വരെ ചൈനീസ് കടന്നുകയറ്റം ഉണ്ടായിട്ടുണ്ടെന്നും അതെല്ലാം കോണ്‍ഗ്രസിന്‍റെ ഭരണകാലത്തായിരുന്നുവെന്നും ജമ്യാങ് സെരിങ് നങ്യാല്‍ വിമര്‍ശിക്കുന്നു. തന്‍റെ മറുപടി യഥാര്‍ഥ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇനിയും കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞാണ് ജമ്യാങ് സെരിങ് നങ്യാല്‍ തന്റെ ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
I hope @RahulGandhi and @INCIndia will agree with my reply based on facts and hopefully they won't try to mislead again.@BJP4India @BJP4JnK @sambitswaraj @JPNadda @blsanthosh @rajnathsingh @PTI_News pic.twitter.com/pAJx1ge2H1
— Jamyang Tsering Namgyal (@MPLadakh) June 9, 2020