1960ല്‍ ചൈന അംഗീകരിച്ച ഇന്ത്യന്‍ അതിര്‍ത്തിയുടെ 423 മീറ്റര്‍ അകത്തേക്കു കയറിയാണ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി പുതിയ ടെന്‍റുകളുറപ്പിച്ചത്
ഗല്‍വാന്‍ മേഖലയില്‍ ചൈന വീണ്ടുമൊരിടത്ത് കൂടി ഇന്ത്യന്‍ അതിര്‍ത്തിക്കകത്തേക്ക് കടന്നുകയറിയതായി ഉപഗ്രഹ ചിത്രങ്ങള്‍. 1960ല്‍ ചൈന അംഗീകരിച്ച ഇന്ത്യന്‍ അതിര്‍ത്തിയുടെ 423 മീറ്റര്‍ അകത്തേക്കു കയറിയാണ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി പുതിയ ടെന്‍റുകളുറപ്പിച്ചത്. 16 ടെന്‍റുകളും ഒരു വലിയ ടാര്‍പോളിന്‍ കൂടാരവും 14 വാഹനങ്ങളും ഇന്ത്യന്‍ അതിര്‍ത്തിക്കകത്ത് നിലയുറപ്പിച്ചതായാണ് ജൂണ്‍ 25ലെ ഉപഗ്രഹ ചിത്രങ്ങളിലുള്ളത്.
1960ല്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഇന്ത്യയുടെ ചൈനീസ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരവും എന്ന പ്രസിദ്ധീകരണത്തില്‍ ഇരു രാജ്യങ്ങളും അംഗീകരിച്ച അക്ഷാംശവും രേഖാംശവും കൃത്യമായി പറയുന്നുണ്ട്. ഗല്‍വാന്‍ നദിയോടു ചേര്‍ന്നുള്ള രണ്ട് കൊടുമുടികളുടെ ഭാഗത്ത് എവിടെയാണ് അതിര്‍ത്തിയെന്ന ചോദ്യത്തിന് ചൈന നല്‍കിയ മറുപടി പ്രകാരം രേഖാംശം 78 ഡിഗ്രി 13 മിനിറ്റ് കിഴക്കും അക്ഷാംശം 34 ഡിഗ്രി 46 മിനിറ്റ് വടക്കുമാണ് അംഗീകരിക്കപ്പെട്ട നിയന്ത്രണ രേഖ. ഗല്‍വാന്‍ നദിയോടു ചേര്‍ന്നാണ് ഈ പ്രദേശത്തെ നിലവില്‍ ഗൂഗിള്‍ അടയാളപ്പെടുത്തുന്നത്.
എന്നാല്‍ സാറ്റലൈറ്റ് ദൃശ്യങ്ങളിലുള്ള ചൈനീസ് ക്യാമ്പും പട്ടാള വാഹനങ്ങളും ഇന്ത്യന്‍ അതിര്‍ത്തിയില്‍ 432 മീറ്റര്‍ അകത്താണ് സ്ഥിതി ചെയ്യുന്നത്. നേരത്തെ ഗല്‍വാന്റെ വടക്കന്‍ ഭാഗത്ത് ചൈന പുതുതായി ഹെലിപാഡ് പണിത സ്ഥലവും നിയന്ത്രണരേഖയെ മറികടന്നാണെന്ന് സാറ്റലൈറ്റ് ദൃശ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ മണ്ണിനകത്ത് ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഒരുമ്പെടുകയാണെന്ന് ബീജിംഗിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്ത്രിയും കുറ്റപ്പെടുത്തിയിരുന്നു.
16 ഇടങ്ങളിലായി ഒന്‍പത് കിലോമീറ്ററോളം ചൈന നിയന്ത്രണ രേഖക്കകത്ത് പുതിയ ക്യാമ്പുകള്‍ പണിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ദൗലത്താബാഗ് ഓള്‍ഡിയിലെ ഇന്ത്യന്‍ സൈനിക വിമാനത്താവളത്തിന്റെ എതിര്‍ഭാഗത്ത് സാന്നിധ്യം ഉറപ്പിക്കുന്നതിനാണ് ചൈനയുടെ ഈ നീക്കങ്ങളെന്നും ഈ മേഖലയില്‍ നിന്നും ചൈനയുടെ സൈന്യം പിന്‍വാങ്ങണമെങ്കില്‍ ഇന്ത്യ ശക്തമായ സമ്മര്‍ദ്ദതന്ത്രങ്ങള്‍ പ്രയോഗിക്കേണ്ടി വരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.