നിയമ വിദ്യാര്‍ഥിനി നല്കിയ പീഡന പരാതിയില്‍ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ചിന്മയാനന്ദിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചിന്മയാനന്ദിന്റെ ആശ്രമത്തിലെ ഒരു മുറി ഒഴികെയുള്ളവ സീല്‍ ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ചിന്മയാനന്ദ് ഒളിവിലാണെന്നാണ് വിവരം.
ചിന്മയാനന്ദ് നഗ്ന ദൃശ്യം പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ഒരു വര്‍ഷത്തോളം പീഡിപ്പിക്കുകയും ചെയ്തു എന്നാണ് നിയമ വിദ്യാര്‍ഥിനിയുടെ പരാതി. പ്രത്യേക അന്വേഷണ സംഘത്തിനും ഡല്‍ഹി പൊലീസിനും മജിസ്ട്രേറ്റിനും നല്കിയ മൊഴികളിലും വിദ്യാര്‍ഥിനി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം ഇന്നലെ അര്‍ധരാത്രി ചിന്മയാനന്ദിന്റെ ഷാജഹാന്‍പൂര്‍ ആശ്രമത്തിലെത്തിയത്. നാല് മണിക്കൂറിലധികം ചോദ്യം ചെയ്തെന്നും അന്വേഷണത്തോട് ചിന്മയാനന്ദ് സഹകരിച്ചെന്നുമാണ് അന്വേഷണ സംഘം നല്കുന്ന വിവരം.
ആശ്രമത്തിലെ ഒരു മുറി ഒഴികെയുള്ള ഭാഗങ്ങള്‍ അന്വേഷണ സംഘം സീല്‍ ചെയ്തു. ഒഴിവാക്കിയ മുറിയില്‍ ചിന്മയാനന്ദിന് താമസിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ആശ്രമത്തില്‍ വിശദമായ പരിശോധന നടത്തിവരുകയാണ് അന്വേഷണ സംഘം. എന്നാല്‍ ചേദ്യം ചെയ്യലിന് ശേഷം രാത്രി ഒരു മണി മുതല്‍ ചിന്മയാനന്ദിനെ കാണാനില്ലെന്നാണ് വിവരം.
പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ചിന്മയാനന്ദ് കഴിഞ്ഞ ദിവസം വരെ ആവര്‍ത്തിച്ചത്. പെണ്‍കുട്ടി നാടകം കളിക്കുകയാണെന്നും ആരോപണങ്ങള്‍ ഓരോ ദിവസവും മാറുകയാണെന്നും ചിന്മയാനന്ദ് ആരോപിച്ചിരുന്നു.