ഇന്ത്യയിലെ 10,000 പ്രമുഖരെ ചൈനീസ് കമ്പനിയായ ഷെന്‍ഹായി ഡാറ്റ നിരീക്ഷിക്കുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ നിരീക്ഷണ പട്ടികയിലുണ്ട്. രഹസ്യാന്വേഷണ, സൈനിക ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഷെന്‍ഹായി ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി. ചൈനീസ് സര്‍ക്കാരുമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള സ്ഥാപനമാണിത്.
ചീഫ് ജസ്റ്റിസ്, സംയുക്ത സൈനിക മേധാവി, പ്രതിരോധ, സൈനിക തലവന്‍മാര്‍ എന്നിവരും നിരീക്ഷിക്കപ്പെടുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ്സ് ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ്ഡാറ്റ ടൂളുകൾ ഉപയോഗിച്ചാണ് നിരീക്ഷണം.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, സോണിയ ഗാന്ധി, ചില സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 700ലധികം രാഷ്ട്രീയ നേതാക്കളെയും നിരീക്ഷിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, രണ്ട് മുന്‍ രാഷ്ട്രപതിമാര്‍, അഞ്ച് മുന്‍ പ്രധാനമന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, ശശിതരൂര്‍ എംപി, മാധ്യമപ്രവര്‍ത്തകര്‍, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍,സര്‍വ്വീസിലുള്ളതും വിരമിച്ചതുമായ സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരെയും നിരീക്ഷിക്കുന്നുണ്ട്.
അതേസമയം ചൈനീസ് നിരീക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തേയും രാജ്യസുരക്ഷയേയും ബാധിക്കുന്ന സുപ്രധാന തസ്തികകള്‍ വഹിക്കുന്നയാളുകളെയാണ് ചൈന നിരീക്ഷിക്കുന്നതെന്നാണ് ശ്രദ്ധേയം.