ന്യൂഡൽഹി: ഒമ്പതു മാസം മുഖാമുഖം നിന്ന ശേഷം പാംഗോങ് തടാകത്തിന് സമീപത്തു നിന്ന് സൈനികരെ പിൻവലിച്ച് ചൈനയും ഇന്ത്യയും. കമാൻഡർ തല ചർച്ചകളുടെ ഭാഗമായി ബുധനാഴ്ച രാവിലെയാണ് ഇരു സേനയും യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് പിൻവാങ്ങാൻ തുടങ്ങിയത്.
വ്യാഴാഴ്ചയോടെ ഇരുനൂറിലധികം യുദ്ധടാങ്കുകളാണ് ചൈനയുടെ പീപ്പ്ൾസ് ലിബറേഷൻ ആർമി പാംഗോങ്ങിന്റെ തെക്കുഭാഗത്തു നിന്ന് പിൻവലിച്ചിട്ടുള്ളത്. ചൈനയുടെ പിൻമാറ്റത്തിന്റെ വേഗം ഇന്ത്യൻ സേനയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അത്ഭുതപ്പെടുത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
‘ബുധനാഴ്ച മുതൽ ആരംഭിച്ച പിൻവാങ്ങലിൽ ചൈനയുടെ വേഗത അവരുടെ വിന്യാസത്തിലെ കാര്യക്ഷമത വ്യക്തമാക്കുന്നതാണ്. ഇതൊരു സൈനിക തന്ത്രമാണ്. ഇന്ത്യയും സേനയെ പിൻവലിക്കുന്നുണ്ട്. എങ്കിലും മോശം കാര്യങ്ങൾ നേരിടാൻ സൈന്യം സജ്ജമായിരിക്കേണ്ടതുണ്ട്’ – സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് പറയുന്നു.
പാംഗോങിലെ പിൻമാറ്റം പൂർത്തിയായ ശേഷം, 15 ഗോഗ്ര, 17 ഹോട് സ്പ്രിങ് മേഖലയിലെയും സൈനിക സാന്നിദ്ധ്യം കുറയ്ക്കുന്നതിൽ ചർച്ചയുണ്ടാവുമെന്ന് കരുതപ്പെടുന്നു. ഘട്ടംഘട്ടമായ പിന്മാറ്റമാണ് അതിർത്തിയിൽ നടക്കുക എന്നാണ് പാർലമെന്റിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചിരുന്നത്.
ചൈനീസ് സൈന്യം ഫിംഗർ എട്ടിലെ കിഴക്കുഭാഗത്തെ സ്രിജാപ് സെക്ടറിലേക്കും ഇന്ത്യൻ സേന ഫിംഗർ മൂന്നിലെ ധൻസിങ് ധാപ്പ പോസ്റ്റിലേക്കുമാണ് പിൻവാങ്ങുന്നത്. പട്രോളിങ് ഉൾപ്പെടെയുള്ള സൈനിക നടപടികളും നിർത്തിവയ്ക്കും.
പാംഗോങ്ങിനു വടക്ക് ഫിംഗർ നാലിൽനിന്ന് ഫിംഗർ എട്ടിലേക്ക് പിന്മാറണമെന്നതായിരുന്നു ഒൻപതു തവണയായി നടന്ന ചർച്ചകളിലും ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്. പാംഗോങ് തടാകത്തിനു തെക്ക് ഇന്ത്യയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ചൈന പിന്മാറാൻ സമ്മതിച്ച സാഹചര്യത്തിൽ ഇന്ത്യയും അവിടെനിന്നു പിന്മാറും.