കോവിഡ് 19 പൊട്ടോകോളുകൾ മാറ്റിവെച്ചാണ് മറ്റിടങ്ങളിൽ നിന്ന് സൈനികർ ഇവിടെ എത്തിയത്. സ്ഥിതിഗതികൾ വഷളാവുകയാണെങ്കിൽ ഇടപെടുന്നതിനായി കൂടുതൽ സൈനികരെ ഒരുക്കിനിർത്തുകയും ചെയ്തിട്ടുണ്ട്.
ലഡാക്കിലെ ഗൽവാൻ നദിക്കു സമീപം ചൈന സൈനിക നീക്കം നടത്തിയതിനെ തുടർന്ന് ഇന്ത്യൻ സൈന്യം ജാഗ്രത പുലർത്തുന്നതായി റിപ്പോർട്ട്. മേഖലയിൽ ചൈന സൈനികരുടെ എണ്ണം വർധിപ്പിച്ചതിനു പിന്നാലെ കോവിഡ് പ്രൊട്ടോക്കോൾ മാറ്റിവെച്ച് ഇന്ത്യ കൂടുതൽ സൈനികരെ ഇവിടെ നിയോഗിച്ചതായും ഉന്നതതലത്തിൽ പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കം ആരംഭിച്ചതായും ‘ഇക്കണോമിക് ടൈംസ്’ റിപ്പോർട്ട് ചെയ്തു. സംഭവഗതികളെപ്പറ്റി സൈന്യം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
The situation here is very critical.
— Manu Pubby (@manupubby) May 19, 2020
Don't think the gravity has sunk in yet. https://t.co/CU0rLuzLge
ഗൽവാൻ നദിക്കു സമീപം ചൈനീസ് സൈന്യം ‘ഓൺ ദി സ്‌പോട്ട് റെസ്‌പോൺസ്’ ശക്തമാക്കിയതായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക ദിനപത്രമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ‘ഇന്ത്യ സംഘർഷത്തിനു മുതിർന്നാൽ കനത്ത വില നൽകേണ്ടിവരും’ എന്ന് ചൈനീസ് സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞതായും റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഗൽവാൻ നദിക്കപ്പുറത്ത് ചൈനീസ് സൈന്യമായ പി.എൽ.എ കൂടുതൽ പേരെ എത്തിക്കുകയും തമ്പുകൾ സ്ഥാപിക്കുകയും ചെയ്തത്. 80 തമ്പുകളും താൽക്കാലിക പ്രതിരോധ കേന്ദ്രങ്ങളും ചൈന നിർമിച്ചതായാണ് വിവരം.
ഇതിനോടുള്ള പ്രതികരണമായി ഇന്ത്യൻ സൈന്യം ദെംചോക്, ചുമാർ, ദൗലത് ബേഗ് ഓൾഡീ തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ സൈനികരെ നിയോഗിക്കുകയായിരുന്നു. കോവിഡ് 19 പൊട്ടോകോളുകൾ മാറ്റിവെച്ചാണ് മറ്റിടങ്ങളിൽ നിന്ന് സൈനികർ ഇവിടെ എത്തിയത്. സ്ഥിതിഗതികൾ വഷളാവുകയാണെങ്കിൽ ഇടപെടുന്നതിനായി കൂടുതൽ സൈനികരെ ഒരുക്കിനിർത്തുകയും ചെയ്തിട്ടുണ്ട്.
ഈ മാസം 5, 6 തിയ്യതികളിൽ ഗൽവാൻ താഴ്‌വരയിൽ ഇരുസൈന്യങ്ങളും തമ്മിലുണ്ടായ വെടിവെപ്പിൽ ഇരുഭാഗത്തുമുള്ള നിരവധി സൈനികർക്ക് പരിക്കേറ്റിരുന്നു. ഇന്ത്യ-ചൈന-ഭൂട്ടാൻ ട്രൈജംഗ്ഷനിൽ റോഡ് നിർമിക്കാനുള്ള ചൈനയുടെ ശ്രമത്തിനെ തുടർന്നായിരുന്നു ഇത്. ഉന്നതതല ചർച്ചകളെ തുടർന്നാണ് ഈ പ്രതിസന്ധി പരിഹരിക്കപ്പെട്ടത്.