ഗ്രാമീണ മേഖലയിലെ കുട്ടികൾ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കൂട്ടത്തോടെ കുടിയേറുന്നതായി സാമ്പത്തിക സർവേ. കോവിഡ് മഹാമാരിയെ തുടർന്ന് രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലുണ്ടായ മാറ്റങ്ങളാണ് ഇതിന് കാരണമെന്നാണ് സർവേ ചൂണ്ടിക്കാട്ടുന്നത്. മാസങ്ങളോളം സ്‌കൂളുകൾ അടച്ചിട്ടതും ക്ലാസുകൾ പൂർണമായും ഓൺലൈൻ വഴിയായതും ലക്ഷണകണക്കിനുള്ള സ്‌കൂളുകളെയും കോളജുകളെയും ബാധിച്ചിട്ടുണ്ട്. കോവിഡ് കാരണം പല മാതാപിതാക്കളുടെയും സാമ്പത്തിക സ്ഥിതിയിലും വലിയ വ്യത്യാസം വന്നിട്ടുണ്ട്. സ്വകാര്യ സ്‌കൂളുകളിൽ വലിയ ഫീസ് കൊടുത്ത് ഓൺലൈൻ ക്ലാസിലിരിക്കുന്നത് പല കുടുംബങ്ങൾക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പലരും നഗരങ്ങളിലെ താമസം മതിയാക്കി ഗ്രാമങ്ങളിലേക്ക് കുടിയേറി. രാജ്യത്തെ മിക്ക ഗ്രാമീണ മേഖലയിലും സ്വകാര്യ സ്‌കൂളുകളെ കിടപിടിക്കുന്ന രീതിയിലാണ് സർക്കാർ സ്‌കൂളും. ഫീസില്ലാതെ മറ്റ് അനവധി സൗജന്യങ്ങളോടെയും സൗകര്യങ്ങളോടെയും സർക്കാർ സ്‌കൂളുകളിൽ പഠിക്കാൻ വിദ്യാർഥികളും തയാറാകുന്നുണ്ട് എന്നാണ് സർവേ പറയുന്നത്. ആനുവൽ സ്റ്റാറ്റസ് എഡ്യുക്കേഷൻ റിപ്പോർട്ടിന്റെ (എ.എസ്.ഇ.ആർ) വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് സർവേ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ജനുവരി 31ന് പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. പ്രായഭേദമന്യേയാണ് കുട്ടികൾ സ്‌കൂളുകൾ മാറിയിരിക്കുന്നത്. അതേ സമയം വിദ്യാർഥികൾ കൂട്ടത്തോടെ സർക്കാർ സ്‌കൂളുകളിലേക്ക് ചേക്കേറുമ്പോൾ അധ്യാപക-വിദ്യാർത്ഥി അനുപാതത്തിനനുസരിച്ച്, ക്ലാസ് മുറികൾ, അധ്യാപകരുടെ എണ്ണം, പഠന സാമഗ്രികൾ തുടങ്ങി ഭൗതിക സൗകര്യങ്ങളും വർധിപ്പിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. 581 ഗ്രാമീണ ജില്ലകളിലെ 5മുതൽ 16 വയസ്സ് പ്രായമുള്ള 75,234 കുട്ടികളിൽ 2021 സെപ്റ്റംബർ-ഒക്ടോബർ മാസത്തിൽ ഫോൺമുഖേനയാണ് എ.എസ്.ഇ.ആർ സർവേ നടത്തിയത്. 2018 ൽ 64.3 ശതമാനം വിദ്യാർഥികളാണ് സ്വകാര്യ സ്‌കൂളുകളിലേക്ക് കൂടുമാറിയതെങ്കിൽ 2020 ൽഅത് 65.8 ശതമാനമായി. 2021 ൽ 70.3 ശതമാനമായും വർധിച്ചു. അതേ സമയം സ്വകാര്യ സ്‌കൂളിലേക്കുള്ള പ്രവേശനം 2020 ൽ 28.8 ശതമാനത്തിൽ നിന്ന് 2021 ൽ 24.4 ശതമാനമായി കുറഞ്ഞു.