India National

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം അന്വേഷിക്കാൻ മൂന്നംഗ സമിതി

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കാൻ മൂന്നംഗ സമിതി. സുപ്രീം കോടതിയിലെ മുതിർന്ന ജസ്റ്റിസുമാരടങ്ങിയ സമിതിയാണ് ആരോപണം അന്വേഷിക്കുക. ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണത്തിന് കോഴ വാഗ്ദാനം ചെയ്തെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തൽ കോടതി ഇന്ന് പരിഗണിക്കും

സുപ്രീം കോടതിയിലെ മുതിർന്ന ന്യായാധിപരായ ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് ഇന്ദിര ബാനർജി എന്നിവരടങ്ങുന്ന സമിതിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കുക. പരാതിയിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന ആവശ്യം അഭിഭാഷക സംഘടനകളുൾപ്പെടെ വിവിധ തലങ്ങളിൽ നിന്ന് ഉയർന്നതിനെത്തുടർന്നാണ് സമിതിയെ നിയോഗിച്ചത്.

തുടർ നടപടികൾക്കായി ചീഫ് ജസ്റ്റിസ് മുതിർന്ന ന്യായാധിപൻ ജസ്റ്റിസ് ബോബ്ഡെയെ നിയോഗിക്കുകയും ബോബ്ഡെ രണ്ട് ന്യായാധിപരെക്കൂടി ഉൾപ്പെടുത്തി സമിതി രൂപീകരിക്കുകയുമായിരുന്നു. എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കാനാണ് തീരുമാനം. സുപ്രീം കോടതിയിലെ മുൻ ജീവനക്കാരിയാണ് ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചത്. അതേ സമയം ലൈംഗികാരോപണം ഉന്നയിക്കാൻ ജീവനക്കാരിയുടെ ബന്ധു പണം വാഗ്ദാനം ചെയ്തെന്ന സുപ്രീം കോടതി അഭിഭാഷകൻ ഉത്സവ് ബെയിൻസ് സത്യവാങ്ങ്മൂലം സമർപ്പിച്ചിരുന്നു. ഇത് ഇന്നലെ പരിഗണിച്ചെങ്കിലും അഭിഭാഷകൻ ഹാജരായിരുന്നില്ല. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.