India National

ഐ.എന്‍.എക്സ് മീഡിയ കേസ്: സി.ബി.ഐക്ക് ഡല്‍ഹി ഹൈകോടതി നോട്ടീസ് അയച്ചു

ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐക്ക് ഡല്‍ഹി ഹൈകോടതി നോട്ടീസ് അയച്ചു. ഒരാഴ്ചക്കകം തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസില്‍ പി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ 23ന് കേള്‍ക്കും. അതേസമയം റിമാന്‍ഡ് ചോദ്യംചെയ്തുള്ള ഹരജി പിന്‍വലിക്കുന്നുവെന്ന് പി ചിദംബരത്തിന്‍റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കാനും ബന്ധുക്കള്‍ക്ക് കാണാനും അവസരം വേണമെന്നും ചിദംബരം കുറ്റാരോപിതന്‍ മാത്രമാണെന്നും കപില്‍ സിബല്‍ പറഞ്ഞു.

സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് സി.ബി.ഐ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെ ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ ഡല്‍ഹി റോസ് അവന്യൂ കോടതി പരിഗണിക്കും.