ഐ.എൻ.എക്സ് മീഡിയ കേസിൽ സി.ബി.ഐ കസ്റ്റഡിയിൽ കഴിയുന്ന പി.ചിദംബരത്തെ ഇന്ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. 8 ദിവസമായി സി.ബി.ഐ ചോദ്യം ചെയ്യൽ തുടരുകയായിരുന്നു. കസ്റ്റഡി നീട്ടണമെന്ന ആവശ്യം സി.ബി.ഐ ഉന്നയിച്ചില്ലെങ്കിൽ ചിദംബരത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.
ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിതോടെ കഴിഞ്ഞ 21നാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. പിറ്റേന്ന് ഹാജരാക്കിയ റോസ് അവന്യു കോടതി നാല് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. പിന്നീട് 4 ദിവസം കൂടി നീട്ടി നൽകി. എട്ടു ദിവസമായി സി.ബി.ഐ ചോദ്യം ചെയ്യൽ തുടരുകയാണ്. കൂട്ട് പ്രതികൾക്കൊപ്പം ചോദ്യം ചെയ്തതായാണ് വിവരം. ഇന്ന് ഹാജരാക്കുമ്പോൾ അന്വേഷണ പുരോഗതി സി.ബി.ഐ കോടതിയെ അറിയിക്കും.
കൂടുതൽ ദിവസം കസ്റ്റഡി ആവശ്യപ്പെടാനും സാധ്യതയുണ്ട്. ഇല്ലെങ്കിൽ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ചിദംബരം ആവശ്യപ്പെടും. മുൻകൂർ ജാമ്യാപേക്ഷ തള്ളി കൊണ്ട് ഡൽഹി ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ പരിഗണിക്കരുത് എന്ന് സുപ്രിം കോടതി സി.ബി.ഐ കോടതിക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാൻ സുപ്രിം കോടതി അടുത്ത മാസം അഞ്ചിലേക്ക് മാറ്റി. ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട രേഖകൾ കൈമാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.