India National

ഐ.എന്‍.എക്സ് മീഡിയകേസില്‍ ചിദംബരത്തിന് ജാമ്യം

ഐ.എന്‍.എക്സ് മീഡിയ ഇടപാടില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് സുപ്രീംകോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്സ്മെന്‍റ് ‍ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കസ്റ്റഡിയില്‍ ആയതിനാല്‍ ചിംദബരത്തിന് പുറത്തിറങ്ങാനാകില്ല.

രണ്ട് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സി.ബി.ഐ രജിസ്റ്റര്‍ കേസില്‍ മുന്‍ധനമന്ത്രി‌ പി ചിദംബരത്തിന് ഇടക്കാല ആശ്വാസം ലഭിക്കുന്നത്. ചിദംബരം രാജ്യം വിട്ടേക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നുമുള്ള സി.ബി.ഐ വാദം തള്ളിയാണ് സുപ്രീംകോടതി ഉത്തരവ്.

രാജ്യം വിടാനുള്ള സാധ്യതയില്ലെങ്കിലും ജാമ്യം നല്‍കാനാവില്ലെന്ന ഹൈകോടതി ഉത്തരവ് സുപ്രീംകോടതി തള്ളി. ചിദംബരത്തിന് അനുകൂലമായ ഹൈകോടതി പരാമര്‍ശം തിരുത്തണമെന്ന സി.ബി.ഐ ഹരജിയും കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്പോള്‍ ഹാജരാകണമെന്നതടക്കം കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് ആര്‍ ബാനുമതി അധ്യക്ഷയായ ബഞ്ച് ജാമ്യം അനുവദിച്ചത്.

രണ്ട് ആള്‍ ജാമ്യത്തിന് പുറമെ ഒരു ലക്ഷം രൂപ കെട്ടി വെക്കാനും കോടതി ആവശ്യപ്പെട്ടു. ജാമ്യം ലഭിച്ചെങ്കിലും ഇതേ ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയരക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കസ്റ്റഡിയിലായതിനാല്‍ ചിദംബരത്തിന് പുറത്തിറങ്ങാനാകില്ല.

വ്യാഴാഴ്ച വരെയാണ് ഡല്‍ഹി റോസ് അവന്യു കോടതി ചിദംബരത്തെ ഇഡിയുടെ കസ്റ്റഡിയില്‍‍ വിട്ടത്. ഇഡി കേസില്‍ ജാമ്യം ലഭിക്കാതെ ചിദംബരത്തിന് പുറത്തിറങ്ങാനാകില്ല. കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ സിബിഐ കേസിലെ വിചാരണ നടപടികളും ഉടന്‍ തുടങ്ങിയേക്കും.