എയര്‍സെല്‍ മാക്സിസ് കേസില്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. മകന് കാര്‍ത്തി ചിദംബരത്തിനും ജാമ്യം അനുവദിച്ചു. ഡല്‍ഹി റോസ് അവന്യു കോടതിയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ഒരു ലക്ഷം രൂപ ഇരുവരും കെട്ടിവെക്കണം. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
അന്വേഷണ ഏജന്‍സികളെ കോടതി വിമര്‍ശിച്ചു. കേസ് നീട്ടിക്കൊണ്ട് പോവുന്ന കാര്യത്തില്‍ ഏജന്‍സികള്‍ക്ക് കൃത്യമായി വിശദീകരണം നല്‍കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. തെളിവ് നശിപ്പിക്കാന്‍ ഒരു സാധ്യതയും ഈ കേസില്‍ ഉണ്ടായിരുന്നില്ലെന്നും സി.ബി.ഐ നിരീക്ഷിച്ചു. ഇതേ കേസില്‍ 749 കോടി രൂപ കൈക്കൂലി വാങ്ങിയ ദയാനിധി മാരനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
നിലവില്‍ ഐ.എൻ.എക്സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ചിദംബരം ജയിലിലാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരത്തിന് ജാമ്യം ലഭിച്ചില്ല. സാമ്പത്തിക കുറ്റകൃത്യം ഉൾപ്പെട്ട കേസിൽ മുൻകൂർ ജാമ്യം നൽകാനാകില്ലെന്ന് ജസ്റ്റിസ് ആർ ബാനുമതി അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. അന്വേഷണത്തിന്റെ ആരംഭ ഘട്ടത്തിൽ മുൻകൂർ ജാമ്യം നൽകിയാൽ അത് തിരിച്ചടിയാകും, കള്ളപ്പണ ഇടപാടിന്റെ ഉത്തമ ഉദാഹരണമാണ് ഐ.എൻ.എക്സ് മീഡിയ കേസ് തുടങ്ങി എൻഫോഴ്സ്മെന്റ് ഉന്നയിച്ച എതിർപ്പും കോടതി പരിഗണിച്ചു. സി.ബി.ഐ കസ്റ്റഡി അവസാനിക്കുന്ന മുറയ്ക്ക് ഇ.ഡിക്ക് വിചാരണക്കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കാം.