India National

ഇത്തവണയും ശബരിമലയിലേക്ക് സ്ത്രീകളുമായി പോകുമെന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന മനിതി സംഘം

ഇത്തവണയും ശബരിമലയിലേക്ക് സ്ത്രീകളുമായി പോകുമെന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന മനിതി സംഘം. കഴിഞ്ഞ തവണ ദര്‍ശനം നടത്താന്‍ സാധിച്ചില്ല. ഇതിന് പൊലിസിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായില്ല. അതിനാല്‍ തന്നെ സര്‍ക്കാരിലുള്ള വിശ്വാസം കുറഞ്ഞു. എങ്കിലും ഇത്തവണ മലചവിട്ടാന്‍ എത്തുമെന്നും കോ- ഓര്‍ഡിനേറ്റര്‍ ശെല്‍വി മീഡിയവണ്ണിനോടു പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഏഴ് ഭക്തരുമായി എത്തിയ മനിതി സംഘത്തെ പലയിടങ്ങളിലും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് മണിക്കൂറുകളോളം പമ്പയില്‍ കഴിഞ്ഞ സംഘം തിരിച്ചു പോയി. ഇത്തവണ മൂന്നു പേരാണ് ഇതുവരെ ശബരിമലയ്ക്ക് പോകമെന്ന ആവശ്യവുമായി സമീപിച്ചിട്ടുള്ളത്.

കഴിഞ്ഞ സീസണില്‍ ചെന്നൈ മുതല്‍ തന്നെ കേരള പൊലിസ് ഇവര്‍ക്ക് സംരക്ഷണം ഒരുക്കിയിരുന്നു. കേരളത്തില്‍ നിന്നുള്ള സംഘത്തോടൊപ്പം ചേര്‍ന്ന് മലചവിട്ടാനായിരുന്നു പദ്ധതി. എന്നാല്‍, കോട്ടയത്തും എറണാകുളത്തുമായി പലരും കുടുങ്ങി. ഇത്തവണ പ്രതിഷേധം ശക്തമായി ഉണ്ടാകില്ലെന്നാണ് വിശ്വാസമെന്നും ശെല്‍വി പറഞ്ഞു.

കഴിഞ്ഞ തവണ പൊലിസുകാര്‍ക്കും സ്ത്രീകളെ മലചവിട്ടിയ്ക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. വിശ്വാസികള്‍ക്ക് ഇത്തവണ ദര്‍ശനം നടത്താന്‍ സാധിയ്ക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ സമാനചിന്താഗതിക്കാരായ സംഘടനകളും തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ശെല്‍വി അറിയിച്ചു.