India

ഇത് ഇലക്ട്രിക് വാഹനങ്ങളുടെ കുതിപ്പിന്റെ കാലം; മഹാനഗരങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ രണ്ടര ഇരട്ടി കൂടി

ക്രൂഡ് ഓയില്‍ വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ രീതിയിലുള്ള സര്‍ക്കാര്‍ പ്രോത്സാഹനമുണ്ടാകുമെന്ന് ബജറ്റിലൂടെ കേന്ദ്രമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കുതിച്ചുതുടങ്ങാന്‍ അനുകൂലമായ സാഹചര്യം കൂടി ഒരുങ്ങിയതോടെ ഓഹരി വിപണിയിലുള്‍പ്പെടെ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ വലിയ നേട്ടമുണ്ടാക്കിയിരുന്നു. ഈ കുതിപ്പിന് ഫുള്‍ ചാര്‍ജ് കൊടുക്കാനായി ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സ്റ്റേഷനുകളും വികസിക്കുകയാണ്.

നാല് മാസങ്ങള്‍ കൊണ്ട് രാജ്യത്ത് 650 ചാര്‍ജിംഗ് സ്റ്റേഷനുകളാണ് നിര്‍മിക്കപ്പെട്ടത്. രാജ്യത്തിന്റെ ഒന്‍പത് മഹാനഗരങ്ങളില്‍ ചാര്‍ജിംഗ് സറ്റേഷനുകളുടെ എണ്ണത്തില്‍ രണ്ടര ഇരട്ടി വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് ഊര്‍ജ മന്ത്രാലയത്തിന്റെ കണക്ക്. ഡല്‍ഹി, സൂരത്ത്, പൂനെ, അഹമ്മദാബാദ്, ബംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കുത്തനെ കൂടിയത്. ഇന്ത്യയുടെ 1640 ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ 940 ചാര്‍ജിംഗ് സ്റ്റേഷനുകളും മഹാനഗരങ്ങളിലാണ്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ചെറുനഗരങ്ങളില്‍ ആരംഭിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

നാല് മില്യണിലധികം ജനസംഖ്യയുള്ള പട്ടണങ്ങളില്‍ കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഊര്‍ജിതമായി ശ്രമങ്ങള്‍ നടത്തിവരുന്നത്. 2021 ഒക്ടോബര്‍ മുതല്‍ 2022 ജനുവരി വരെയുള്ള കാലയളവിലാണ് 678 സ്‌റ്റേഷനുകള്‍ നഗരങ്ങളില്‍ നിര്‍മിക്കപ്പെട്ടത്. 180,000 പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ കൂടി ഈ അടുത്ത കാലത്ത് നിരത്തുകളിലിറങ്ങി. ഈ പശ്ചാത്തലത്തിലാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ വലിയ രീതിയില്‍ പ്രോത്സാഹനം നല്‍കുന്നത്.

വന്‍ നഗരങ്ങളില്‍ വായു മലീനീകരണം പുകയുന്ന ഒരു വിഷയമായി നിലനില്‍ക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഇലക്ട്രിക് വാഹനരംഗത്തിന് കുതിപ്പുണ്ടാകുമ്പോള്‍ നേട്ടങ്ങളേറെയാണ്. ആകെ വിറ്റുപോകുന്ന വാഹനങ്ങളില്‍ വെറും ഒരു ശതമാനം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങളുള്ളത്. എന്നാല്‍ ചൈനയെ സംബന്ധിച്ച് ഈ നിരക്ക് 30 ശതമാനത്തിലേറെയാണ്. 2070ല്‍ കാര്‍ബണ്‍ പ്രസരണത്തിന്റെ നിരക്ക് പൂജ്യത്തിലേക്ക് എത്തിക്കണമെങ്കില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം അനിവാര്യമാണെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.