നിയുക്ത മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്ക് ആശംസ നേർന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. പഞ്ചാബിനെ സംരക്ഷിക്കാൻ ചരണ്‍ജിത് സിംഗ് ചന്നിക്ക് കഴിയട്ടെയെന്നും അതിർത്തിക്ക് അപ്പുറത്ത് നിന്നുള്ള തീവ്രവാദ ഭീഷണിയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ കഴിയട്ടെയെന്നും ക്യാപ്റ്റൻ അമരീന്ദർ സിംഗ് ആശംസിച്ചു.
പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി നാളെയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. നാളെ രാവിലെ പതിനൊന്ന് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. ഇതോടെ സംസ്ഥാനത്തെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി മാറും.
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവെച്ചത്. 30ലേറെ എംഎല്‍എമാര്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് ഭീഷണി മുഴക്കിയതോടെയാണ് ഹൈക്കമാന്‍ഡും ക്യാപ്റ്റനെ കൈവിട്ടത്. പാര്‍ട്ടി തീരുമാനം സോണിയാ ഗാന്ധി അമരീന്ദര്‍ സിംഗിനെ നേരിട്ട് അറിയിച്ചതോടെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് കത്ത് കൈമാറുകയായിരുന്നു. താന്‍ അപമാനിതനായാണ് പടിയിറങ്ങുന്നതെന്നും തുടരാന്‍ താത്പര്യമില്ലെന്നും സോണിയ ഗാന്ധിയോട് അമരീന്ദര്‍ സിംഗ് പറഞ്ഞിരുന്നു.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സിദ്ദുവും മുഖ്യമന്ത്രി അമരീന്ദറുമായുള്ള അധികാര തര്‍ക്കം ശക്തമായിരുന്നു. അടുത്ത വര്‍ഷമാദ്യം നിയമസഭാതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സംസ്ഥാനത്ത് ഇരുവരും തമ്മിലുള്ള ഭിന്നതയും ഇപ്പോഴുണ്ടായ രാജിയും കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്.