India National

ചന്ദ്രയാന്‍ 2 വിക്ഷേപണം തിങ്കളാഴ്ച്ച

സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അവസാന നിമിഷം മാറ്റിവെച്ച ചാന്ദ്രയാന്‍ 2 വിക്ഷേപണം ജൂലൈ 22ന് നടക്കും. തിങ്കളാഴ്ച്ച 02.43നായിരിക്കും വിക്ഷേപണമെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. സാറ്റലൈറ്റും റോക്കറ്റും പൂര്‍ണമായും സുരക്ഷിതമാണെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചിരുന്നു.

പേടകം വിക്ഷേപിക്കാനുപയോഗിക്കുന്ന ജി.എസ്.എല്‍.വി മാര്‍ക്ക് 3 എം1 റോക്കറ്റില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അവസാന നിമിഷം ‘ചന്ദ്രയാന്‍ 2’ വിക്ഷേപണം മാറ്റിവെച്ചത്. സാങ്കേതിക തകരാര്‍ പൂര്‍ണമായും പരിഹരിച്ചുവെന്നും റോക്കറ്റും സാറ്റലൈറ്റും പൂര്‍ണ സുരക്ഷിതമാണെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയിരുന്നു.

തീപിടിത്ത സാധ്യത കൂടിയ ദ്രവീകൃത ഓക്സിജനും ഹൈഡ്രജനും റോക്കറ്റില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി. ഈ മാസം തന്നെ വിക്ഷേപണമുണ്ടായേക്കുമെന്നും ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച്ച പുലര്‍ച്ചെ 2.51 ന് വിക്ഷേപണം നടത്തി, സെപ്റ്റംബര്‍ ഏഴിനു ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറക്കാന്‍ സാധിക്കുംവിധമായിരുന്നു ISRO പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാല്‍ വിക്ഷേപണസമയത്തിന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കി നില്‍ക്കെ കൗണ്ട് ഡൗണ്‍ നിര്‍ത്തി വയ്ക്കാന്‍ മിഷന്‍ ഡയറക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പേടകമിറക്കുന്ന ആദ്യ രാജ്യമാവും ഇന്ത്യ.