എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍.ഡി.എക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുമ്പോഴും പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചുനിര്‍ത്താനുള്ള ശ്രമവുമായി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മമത ബാനര്‍ജിയുമായി നായിഡു ഇന്ന് കൊല്‍ക്കത്തയില്‍ കൂടിക്കാഴ്ച നടത്തും. ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യം വന്നാലുണ്ടാകുന്ന സാധ്യത മുന്നില്‍ കണ്ട് ഒന്നിച്ച് നില്‍ക്കണമെന്നാണ് നായിഡു ആവശ്യപ്പെടുന്നത്. ഇതിനിടെ നിലവിലെ സാഹചര്യങ്ങള്‍ മായാവതിയും അഖിലേഷ് യാദവും ചര്‍ച്ച ചെയ്തു.
പ്രതിപക്ഷ ഐക്യനിരക്കായി ഏതാനും മാസങ്ങളായി ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കുന്നത് ചന്ദ്രബാബു നായിഡുവാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാരത്തണ്‍ ചര്‍ച്ചയാണ് നായിഡു നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തി. സോണിയാ ഗാന്ധി, സീതാറാം യെച്ചൂരി, മായാവതി, അഖിലേഷ് യാദവ്, ശരത് പവാര്‍, ശരത് യാദവ് എന്നിവരെയും കണ്ടു. അതിന് ശേഷമാണ് മമത ബാനര്‍ജിയെ കാണുന്നത്. ഫലം വന്നശേഷം മാത്രം ചര്‍ച്ചക്ക് തയ്യാര്‍ എന്നതായിരുന്നു 21ന് പ്രതിപക്ഷ യോഗം നടത്താനുള്ള തീരുമാനം അറിയിച്ചപ്പോള്‍ മമതയുടെ മറുപടി.
എക്സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ മമത ബാനര്‍ജി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ കൃത്രിമം ഉന്നയിച്ചിട്ടുണ്ട്. ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ 23ന് വൈകീട്ട് സോണിയാ ഗാന്ധി വിളിച്ച പ്രതിപക്ഷ യോഗത്തില്‍ ഇക്കാര്യത്തിലെ നിയമ നടപടി അടക്കമുള്ള ചര്‍ച്ചയാകും. ഇക്കാര്യവും ചര്‍ച്ചകളില്‍ സജീവമാണെന്നാണ് വിവരം. ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്താനുള്ള തീരുമാനം മായാവതിയും മാറ്റി.
അതേസമയം ഫെഡറല്‍ മുന്നണിയുമായി മുന്നോട്ട് പോകുന്ന ചന്ദ്രശേഖര്‍ റാവുവിനെയും വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെയും യു.പി.എയിലേക്ക് കൊണ്ടുവരാന്‍ ഡി.എം.കെ നേതാവ് സ്റ്റാലിനെ സോണിയാ ഗാന്ധി ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.