India National

പ്രതിച്ഛായ വർധിപ്പിക്കണം; അന്താരാഷ്ട്ര ചാനൽ ആരംഭിക്കാൻ പദ്ധതിയുമായി കേന്ദ്രസർക്കാർ

ഇന്ത്യൻ വീക്ഷണങ്ങൾ ലോകത്തിനു മുന്നിലെത്തിക്കാൻ ബി.ബി.സി മാതൃകയിൽ ടി.വി ചാനൽ ആരംഭിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ. കോവിഡ് പ്രതിരോധം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇന്ത്യക്കെതിരെ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പ്രതിച്ഛായ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് അന്താരാഷ്ട്ര ചാനൽ തുടങ്ങാൻ പദ്ധതി ഒരുങ്ങുന്നത്. ‘ഡി.ഡി ഇൻറർനാഷണൽ’ ചാനലിന്റെ വിശദമായ പദ്ധതിരേഖ സമർപ്പിക്കുവാൻ ആവശ്യപ്പെട്ടുള്ള താൽപര്യപത്രം കഴിഞ്ഞ 13ന് പുറപ്പെടുവിച്ചിരുന്നു. ദൂരദർശന്റെ ആഗോള സാന്നിധ്യമാകാനും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ശബ്ദമാകാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഇതിൽ പറയുന്നു.

അന്താരാഷ്ട്ര മാധ്യമങ്ങളുമായി ചേർന്ന് പ്രവർത്തിച്ചു പരിചയമുള്ള കൺസൾട്ടൻസികളെയാണ് പദ്ധതിരേഖ സമർപ്പിക്കാനായി ക്ഷണിച്ചിരിക്കുന്നത്. അതേസമയം, ഇത് പെട്ടെന്നുള്ള തീരുമാനം അല്ലെന്നും ഏറെക്കാലമായി പരിഗണനയിലുള്ള വിഷയമാണെന്നും പ്രസാർഭാരതി തലവന് ശശി ശേഖര്‍ വേംപതി പറഞ്ഞു. അന്താരാഷ്ട്ര തലത്തിലും ദേശീയതലത്തിലും പ്രാധാന്യമുള്ള വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാടിനെ ലോകത്തെ അറിയിക്കുകയാണ് ചാനൽ വഴി ലക്ഷ്യമിടുന്നത്. ലോക പ്രേക്ഷകരോട് ഇന്ത്യയെ കുറിച്ച് പറയുകയും വേണം. ഇന്ത്യയെ കുറിച്ചുള്ള ആഗോള വാർത്താ ഉറവിടമായി ഡി.ഡി ഇൻറർനാഷണലിനെ മാറ്റണമെന്നും കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നു.

24×7 നീണ്ടുനിൽക്കുന്ന മുഴുനീള പ്രക്ഷേപണമാണ് ലക്ഷ്യമിടുന്നത്. ഇതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ബ്യൂറോകൾ ആരംഭിക്കാനും പദ്ധതിയിടുന്നു. വിവിധ മേഖലകൾക്ക് അനുയോജ്യമായ പരിപാടികളാകും സംപ്രേഷണം ചെയ്യുക. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടും വാക്സിൻ നയവുമായി ബന്ധപ്പെട്ടും ആഗോള മാധ്യമങ്ങൾ ഇന്ത്യയെ രൂക്ഷമായി വിമർശിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെതായി അന്താരാഷ്ട്ര മാധ്യമം എന്ന സങ്കല്പത്തിന് ശക്തി കൂട്ടിയത്. കൂടാതെ മറ്റു വിവിധ വിഷയങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങൾ ഇന്ത്യയെ വിമർശിച്ചിരുന്നു. ഇന്ത്യയെ താറടിച്ചുകാണിക്കാൻ അന്താരാഷ്ട്ര തലത്തിൽ ഗൂഢാലോചന നടക്കുന്നുവെന്ന് ബി.ജെ.പി നേതാക്കളും കേന്ദ്ര സർക്കാർ വൃത്തങ്ങളും ആരോപിച്ചിരുന്നു.