India

മരണനിരക്ക് കുറയ്ക്കാൻ അടിയന്തര നടപടി വേണം; 8 സംസ്ഥാനങ്ങൾക്ക് കേന്ദ്ര മുന്നറിയിപ്പ്

കൊവിഡ് കേസുകൾ പെട്ടെന്ന് വർധിക്കുന്ന 8 സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ മുന്നറിയിപ്പ്. 14 നഗരങ്ങളിലെ വർധന ചൂണ്ടിക്കാട്ടി കത്തയച്ച കേന്ദ്രം അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. വലിയ നഗരങ്ങളിലും പരിസരപ്രദേശത്തും ഒമിക്രോൺ കേസുകൾ അതിവേഗം വർധിക്കുന്നു. മരണനിരക്ക് കുറയ്ക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

ഡൽഹിയുടെ GRAP മോഡൽ രാജ്യത്തുടനീളം കൊണ്ടുപോകാനുള്ള ആശയവും പരിഗണനയിലുണ്ടെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. അതേസമയം ഡൽഹിയിൽ ഒമിക്രോൺ സമൂഹവ്യാപനം സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ. യാത്രാ പശ്ചാത്തലം ഇല്ലാത്തവർക്കും ഒമിക്രോൺ ബാധിക്കുന്നു. കൊവിഡ് സ്ഥിരീകരിച്ചവരിൽ 46% ഒമിക്രോൺ രോഗികളാണെന്നും മന്ത്രി പറഞ്ഞു.

ഒമിക്രോൺ കേസുകളുടെ എണ്ണം 1,000 ന് അടുത്ത് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനം കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ഇന്ന് രാവിലെ വരെ ഇന്ത്യയിൽ 961 ഒമൈക്രോൺ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ 263 എണ്ണവും ഡൽഹിയിലാണ്. മഹാരാഷ്ട്ര (257), ഗുജറാത്ത് (97), രാജസ്ഥാൻ (69), കേരളം (65) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകൾ. 24 മണിക്കൂറിനുള്ളിൽ ഒമിക്രോൺ കേസുകളിൽ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.