India National

കർഷകരുമായി ചർച്ചക്ക് തയ്യാറാണെന്ന് കൃഷിമന്ത്രി; ഡിസംബർ മൂന്നിന് ചർച്ച

ദില്ലി ചലോ മാർച്ചുമായി ഡൽഹിയിലേക്ക് തിരിച്ച കർഷകർ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ. കർഷകരുമായി ചർച്ചക്ക് തയ്യാറാണെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. അതേസമയം കർഷകർ സമരവുമായി മുന്നോട്ട് പോകുകയാണ്.

ഡൽഹി- ഹരിയാന അതിർത്തികളിൽ പോലീസും കർഷകരും തമ്മിൽ പലഘട്ടങ്ങളിലും ഏറ്റുമുട്ടി. ഇത് കേന്ദ്ര സർക്കാരിന് നാണക്കേട് ഉണ്ടാക്കിയതോടെയാണ് സമവായ നീക്കങ്ങൾ തുടങ്ങിയത്. ഡിസംബർ മൂന്നിന് ചർച്ച നടത്താമെന്നും സമരക്കാർ പിന്മാറണമെന്നും കേന്ദ്ര കൃഷിമന്ത്രി ആവശ്യപ്പെട്ടു. എന്നാൽ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കർഷകർ.

ഒരു വിഭാഗം കർഷകർ ഡൽഹി ബുറാഡിയിലെ മൈതാനത്തിലേക്ക് സമരവുമായി മാറി. എന്നാൽ സിങ്കു അതിർത്തിയിൽ തമ്പടിച്ച കർഷകർ അവിടെ തുടരുമെന്ന് അറിയിച്ചു. ജന്തർ മന്ദറിൽ സമരം ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ പാനിപത്ത് ഡൽഹി ദേശീയ പാത ഉപരോധിക്കുന്നത് തുടരാനാണ് കർഷകരുടെ നീക്കം.

ഡൽഹിയിൽ എത്തുന്ന കർഷകർക്ക് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. കുടിവെള്ളം, ശുചിമുറികൾ എന്നിവക്ക് സൗകര്യം ഉണ്ടാക്കും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നേരിട്ട് വിഷയം പരിശോധിക്കുമെന്നും സർക്കാർ വ്യക്തമാക്കി. വരും ദിവസങ്ങളിലും സമരം കൂടുതൽ ശക്തമാക്കാനാണ് സാധ്യത.