ഡൽഹി സർക്കാരിന്റെ റേഷൻ വിതരണ പദ്ധതിയായ “ഘർ ഘർ റേഷൻ യോജന”ക്കെതിരെ കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എൻഎഫ്എസ്എ) നടപ്പാക്കുമ്പോൾ അതിന്റെ ഘടന ലഘൂകരിക്കാൻ സംസ്ഥാനത്തിന് കഴിയില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
ന്യായവില കടകൾ എൻഎഫ്എസ്എയുടെ അവിഭാജ്യ ഘടകമാണെന്നും സംസ്ഥാനം നിയമത്തിന്റെ ഘടനയ്ക്ക് വഴങ്ങേണ്ടിവരുമെന്നും കേന്ദ്രം പറഞ്ഞു. മണിക്കൂറുകളോളം വാദം കേട്ട കോടതി നവംബർ 29 ന് കേന്ദ്ര വാദം കേൾക്കുന്നത് തുടരുമെന്ന് അറിയിച്ചു.
ഡൽഹി സർക്കാരിന്റെ മുഖ്മന്ത്രി ഘർ ഘർ റേഷൻ യോജന വഴി വീട്ടുപടിക്കൽ റേഷൻ വിതരണം ചെയ്യുന്ന പദ്ധതിയെ ചോദ്യം ചെയ്ത് റേഷൻ ഡീലേഴ്‌സ് സംഘിന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ വിപിൻ സംഘി, ജസ്മീത് സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.