India National

‘സംസ്ഥാന സര്‍ക്കാറിന്‍റെ ഭരണത്തില്‍ കേന്ദ്രം ഒരു ലജ്ജയുമില്ലാതെ ഇടപെടുന്നു’; മമത ബാനര്‍ജി

പശ്ചിമ ബംഗാളിന്‍റെ ഭരണത്തില്‍ ഒരു ലജ്ജയുമില്ലാതെ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തിലൂടെ കേന്ദ്രം സംസ്ഥാന ഗവണ്‍മെന്റിന്‍റെ ഭരണത്തില്‍ ഇടപെടുന്നുവെന്നാണ് മമതയുടെ വിമര്‍ശനം. ഫെഡറലിസം നിലനിര്‍ത്താന്‍ ഐക്യപ്പെട്ട രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാര്‍ക്ക് നന്ദിയും രേഖപ്പെടുത്തുന്നുണ്ട് മമത.

ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വാഹാനവ്യൂഹത്തിന് നേരെ ആക്രമണം നടന്നതിന് പിന്നാലെയാണ് കേന്ദ്രവും മമതയും തമ്മിലെ പോര് ശക്തമായത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ ജയിക്കാന്‍ ബി.ജെ.പിയുടെ തന്ത്രമാണ് ഈ ആക്രമണമെന്ന് തൃണമൂല്‍ മന്ത്രി സുബ്രത മുഖർജി പ്രതികരിച്ചു.

ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വാഹാനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ മൂന്ന് ഐ.പി.എസ് ഓഫീസര്‍മാരെ ഉടനടി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് വിട്ടയക്കണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അവരെ വിട്ടയക്കാനാവില്ലെന്ന് മമതയും നിലപാടെടുത്തു.

വാഹാനവ്യൂഹത്തിന് നേരെ ആക്രമണം നടന്ന സമയത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഡയമണ്ട് ഹാര്‍ബര്‍ എസ്.പി ഭോലാനാഥ് പാണ്ഡെ, പ്രസിഡന്‍സി റേഞ്ച് ഡി.ഐ.ജി പ്രവീണ്‍ ത്രിപാഠി, സൗത്ത് ബംഗാള്‍ എ.ഡി.ജി.പി രാജീവ് മിശ്ര എന്നീ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി തിരിച്ചുവിളിച്ചത്. എന്നാല്‍ അവരെ തിരിച്ചയക്കില്ലെന്ന് കാണിച്ച് മമത ബാനർജി കേന്ദ്രത്തിന് കത്തയച്ചു. സംസ്ഥാനത്ത് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നും കത്തിൽ പറയുന്നു.