മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണവാർത്തയ്ക്കു പിന്നാലെ സെപ്റ്റംബർ ആറു വരെ രാജ്യത്ത് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാഷ്ട്രപതി ഭവനിലും പാർലമെന്റ് കെട്ടിടത്തിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി.
ഈ കാലയളവിൽ രാജ്യത്തുടനീളം ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഭൗതിക ശരീരത്തിന്റെ സംസ്കാരസമയവും സ്ഥലവും ഉടൻ അറിയിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വൃത്തങ്ങൾ സൂചിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ ഡൽഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു പ്രണാബിന്റെ അന്ത്യം.
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ആദരസൂചകമായി രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തും സെപ്റ്റംബർ ആറുവരെ ദു:ഖം ആചരിക്കും. സെപ്റ്റംബർ ആറുവരെ ദേശീയപതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗികമായ ആഘോഷ പരിപാടികളും ഈ ദിനങ്ങളിൽ ഉണ്ടായിരിക്കില്ല. സ്ഥിരമായി ദേശീയപതാക ഉയർത്തിയിരിക്കുന്ന സ്ഥാപനങ്ങളിൽ പതാക പകുതി താഴ്ത്തിക്കെട്ടാൻ നടപടി സ്വീകരിക്കാൻ സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.