ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള്ള മൂന്നു കിലോമീറ്റര്‍ പുനര്‍നിര്‍മിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ സെന്‍ട്രല്‍ വിസ്റ്റ പദ്ധതിക്ക് സുപ്രിംകോടതി അനുമതി. പദ്ധതി നിയമപരമാണെന്ന് ഇതു സംബന്ധിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എഎം ഖാന്‍വല്‍ക്കര്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
പുതിയ പാര്‍ലമെന്റ് മന്ദിരം അടക്കമുള്ള കെട്ടിടങ്ങള്‍ പദ്ധതിക്കു കീഴില്‍ പുനര്‍നിര്‍മിക്കുന്നുണ്ട്. പാര്‍ലമെന്റിന്റെ തറക്കല്ലിടല്‍ കര്‍മവും കഴിഞ്ഞിരുന്നു. എന്നാല്‍ കോടതിയില്‍ കേസ് എത്തിയതോടെ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.
നിര്‍മാണത്തിന് ഹെറിറ്റേജ് സംരക്ഷണ സമിതിയുടെ അനുമതി ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി. അനുമതി ലഭിച്ച ശേഷം മാത്രമേ നിര്‍മാണം ആരംഭിക്കാവൂ എന്നും ബഞ്ച് നിര്‍ദേശിച്ചു.
കേസില്‍ ഭൂരിപക്ഷ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. മൂന്നംഗ ബഞ്ചിലെ ഒരു ജഡ്ജ് പദ്ധതിയോട് വിയോജിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. ജസ്റ്റിസ് ദിനേശ് മഹേശ്വരി ആയിരുന്നു ബഞ്ചിലെ മറ്റൊരംഗം.
20,000 കോടിയുടെ പദ്ധതി
സെന്‍ട്രല്‍ വിസ്റ്റയ്ക്ക് ഇരുപതിനായിരം കോടി രൂപയുടെ ചെലവാണ് കണക്കാക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടെ ഇത്രയും വലിയ പദ്ധതി അനാവശ്യമാണ് എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികളും സാമൂഹ്യ സംഘടനകളും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് ചേര്‍ന്ന യോഗത്തില്‍ എക്‌സ്‌പേര്‍ട്ട് അപ്രൈസല്‍ കമ്മിറ്റിയാണ് നിര്‍മാണത്തിന് അനുമതി നല്‍കിയിരുന്നത്.
പദ്ധതിയുടെ ഭാഗമായി 65000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കും. മൂന്നു നിലയുള്ള കെട്ടിടത്തിന്റെ ഉയരം 42 മീറ്റര്‍. നിലവിലെ പാര്‍ലമെന്റിന് എതിര്‍ വശത്ത് ത്രികോണാകൃതിയിലാണ് പുതിയ കെട്ടിടം. പഴയ പാര്‍ലമെന്റ് മന്ദിരം മ്യൂസിയമാക്കി മാറ്റാനാണ് ആലോചന.