India National

കേന്ദ്രസംഘം നാളെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും

കേന്ദ്രസംഘം നാളെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. രണ്ട് ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുന്ന പ്രദേശങ്ങള്‍ കണ്ടെത്തുകയാണ് സംഘത്തിന്‍റെ ഉദ്ദേശം.

ജമ്മു കശ്മീരില്‍ സംസ്ഥാന പതാക മാറ്റി ദേശീയ പതാക സ്ഥാപിക്കുന്ന നടപടികള്‍ വരും ദിവസങ്ങളില്‍ തുടരാനാണ് തീരുമാനം. വൈകാതെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്തുമെന്നാണ് ജമ്മു കശ്മീര്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. നാളെയും നാളെ കഴിഞ്ഞും ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്ന കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംഘം താഴ്വര അടക്കമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. സ്കൂള്‍, കോളജ്, നൈപുണ്യവികസന കേന്ദ്രങ്ങള്‍ തുടങ്ങി വികസനപ്രവര്‍ത്തനങ്ങള്‍ എവിടെയെല്ലാം നടപ്പാക്കാമെന്ന പഠനം സംഘം നടത്തും.

അതേസമയം ജമ്മു കശ്മീരില്‍ അവശ്യവസ്തുക്കള്‍ക്ക് യാതൊരു ക്ഷാമവുമില്ലെന്ന ന്യായീകരണവുമായി ഗവര്‍ണര്‍ സത്യപാല്‍ മലിക് രംഗത്തെത്തി. ജീവന്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ നല്ലത് ആശയവിനിമയ സംവിധാനങ്ങള്‍ ഇല്ലാതിരിക്കുന്നതാണെന്നും ഗവര്‍ണര്‍ പറഞ്ഞു. വൈകാതെ നിയന്ത്രണങ്ങള്‍ നീക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 20 ദിവസങ്ങളായി ജമ്മു കശ്മീരിലെ ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ഇല്ലാതായിട്ടെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. പ്രതിപക്ഷ നേതാക്കളോടും മാധ്യമങ്ങളോടും ജമ്മു കശ്മീര്‍ അധികൃതര്‍ അത്യന്തം മോശമായാണ് പെരുമാറിയതെന്ന് കഴിഞ്ഞ ദിവസത്തെ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്ത് രാഹുല്‍ കുറിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട ജമ്മു കശ്മീരിലെ സി.പി.എം നേതാവ് യൂസഫ് തരിഗാമിക്കായി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.