India National

കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ ഐ.എസ് സാന്നിധ്യമെന്ന് ആഭ്യന്തര മന്ത്രാലയം

കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ ഐ.എസ് സാന്നിധ്യമെന്ന് ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍. ദക്ഷിണേന്ത്യയില്‍ ഐ.എസ് ബന്ധമുള്ള 122 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം രാജ്യസഭയില്‍ പറഞ്ഞു.

ബി.ജെ.പി എം.പി വിനയ് സഹസ്രബുദ്ധ എഴുതി നല്‍കിയ ചോദ്യങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടി പറയുകയായിരുന്നു. ദക്ഷിണേന്ത്യയില്‍ ഐ.എസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോ ഉണ്ടെങ്കില്‍ വിവരം പങ്കുവെക്കുക, ഏറ്റവും സ്വാധീനമുള്ള ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങള്‍ ഏതൊക്കെയാണ്?, ഇവര്‍ക്ക് വിദേശത്ത് നിന്നും ഫണ്ട് ലഭിച്ചിട്ടുണ്ടോ എന്നീ മൂന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആഭ്യന്തര മന്ത്രാലയം.

ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഢിയാണ് ചോദ്യങ്ങളില്‍ മറുപടി കൊടുത്തിരിക്കുന്നത്. കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ ഐ.എസ് ബന്ധമുണ്ട്. ഏറ്റവും സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ആദ്യം തന്നെ പറഞ്ഞിരിക്കുന്നത് കേരളത്തിന്റെ പേരാണ്. രാജ്യസുരക്ഷക്ക് വെല്ലുവിളിയാകുന്ന നീക്കങ്ങള്‍ കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 122 പേരെ അറസ്റ്റ് ചെയ്തുവെന്നും മറുപടിയില്‍ പറയുന്നു.

വിദേശ ഫണ്ട് കിട്ടിയിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്നും മറുപടിയില്‍ പറയുന്നു.

കേരളത്തിന് പുറമെ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളാണ് ലിസ്റ്റിലുള്ളത്.