കൊവിഡ് വാക്‌സിനുകൾക്കിടയിലെ ഇടവേളയിൽ ഇളവ് അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സർക്കാർ അപ്പീൽ സമർപ്പിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെയാണ് അപ്പീൽ സമർപ്പിച്ചത്. വാക്‌സിൻ നയത്തിലെ കോടതി ഇടപെടൽ തെറ്റാണെന്ന് കേന്ദ്രസർക്കാർ. കോടതി ഇടപെട്ടാൽ ഫലപ്രദമായ രീതിയിൽ വാക്‌സിൻ വിതരണം സാധിക്കില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് 84 ദിവസത്തെ ഇടവേളയെന്നും കേന്ദ്രം വ്യക്തമാക്കി.
കൊവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള 84 ദിവസത്തിൽ നിന്നും 28 ആക്കി കുറച്ച കേരള ഹൈക്കോടതിയുടെ നടപടിക്കെതിരെയാണ് കേന്ദ്രസർക്കാർ അപ്പീൽ സമർപ്പിച്ചത്. കൊവിഷിൽഡിൻ്റെ രണ്ട് ഡോസുകൾക്കിടയിൽ ഇടവേള 84 ദിവസമാക്കി നിശ്ചയിച്ചത് സർക്കാരിൻ്റെ നയപരമായ തീരുമാനമാണെന്നാണ് കേന്ദ്രസർക്കാർ വാദം.
താത്പര്യമുള്ളവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാമെന്നാണ് കോടതി നിർദേശിച്ചത്. കൊവിൻ പോർട്ടലിൽ ഇത് അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശവും നൽകിയിരുന്നു. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്‌സിന് ഇളവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വാക്സിൻ ഇടവേളയിൽ ഇളവ് തേടി കിറ്റെക്സ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കൊവിഡ് വാക്‌സിൻ ഇടവേളയിൽ ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ മുമ്പ് വ്യക്തമാക്കിയിരുന്നു. എൺപത്തിനാല് ദിവസം ഇടവേള നിശ്ചയിച്ചത് വാക്‌സിൻ ക്ഷാമം മൂലമല്ല, മറിച്ച് ഫലപ്രാപ്തി കണക്കിലെടുത്താണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.