റെയിൽവേയിലെ സ്വകാര്യ വത്ക്കരണം വേഗത്തിലാക്കാൻ സുപ്രധാന നടപടിയുമായി കേന്ദ്രസർക്കാർ. റെയിൽവേ ബോർഡ് അഴിച്ചുപണിതും നിർമാണ ഫാക്ടറികളെ ഒറ്റ കമ്പനിയാക്കിയുമാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ. ഓഹരിവിൽപ്പന ഉടൻ തുടങ്ങാനും കേന്ദ്രസർക്കാർ തീരുമാനിച്ചു.
റെയിൽവേയെ പൂർണമായി സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ കൊവിഡ് കാലമണെങ്കിലും വൈകിക്കില്ല. നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി റെയിൽവേ ബോർഡ് ചെയർമാനെ സി.ഇ.ഒ ആയി നിയമിച്ചു. നിലവിലുള്ള ചയർമാൻ വി.കെ യാദവ് തന്നെ ആയിരിക്കും ആദ്യ സിഇഒ. സ്റ്റാഫ്, എൻജിനിയറിങ്, മെറ്റീരിയൽസ് മാനേജ്‌മെന്റ് വിഭാഗങ്ങളുടെ ചുമതല വഹിച്ചുവന്ന ബോർഡ് അംഗങ്ങളുടെ തസ്തിക റദ്ദാക്കി. റെയിൽവേ ബോർഡ് അഴിച്ചുപണിയുക എന്ന ലക്ഷ്യമാണ് ഇതോടെ കേന്ദ്രസർക്കാർ യാഥാർത്ഥ്യമാക്കിയത്.
റെയിൽവേയുടെ ഏഴ് നിർമാണ ഫാക്ടറികൾ ഇന്ത്യൻ റെയിൽവേയ്‌സ് റോളിങ് സ്‌റ്റോക്ക് കമ്പനി എന്ന ഒറ്റകമ്പനിയായാകും ഇനി പ്രവര്ത്തിക്കുക. സ്വകാര്യ വത്കരണ നീക്കങ്ങളുടെ ഭാഗമായി ഓഹരിവിൽപന ഉടൻ തുടങ്ങും. വിവിധ സ്ഥലങ്ങളിലെ റെയിൽവേ ഭൂമി ദീർഘകാലത്തേയ്ക്ക് പാട്ടത്തിനു നൽകാനും തിരുമാനിച്ചിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുക എന്ന ലക്ഷ്യത്തിലേയ്ക്കും ഉടൻ റെയിൽവേ കടക്കും. മൂന്നരലക്ഷം തസ്തികയാണ് ഇപ്പോൾ ഒഴിഞ്ഞുകിടക്കുന്നത്.