സിലബസ് വെട്ടിച്ചുരുക്കലിന്‍റെ ഭാഗമായി ജനാധിപത്യം, മതേതരത്വം, പൗരത്വം എന്നിവയടങ്ങുന്ന സുപ്രധാന പാഠഭാഗങ്ങൾ സിബിഎസ്ഇ ഒഴിവാക്കി. ബഹുസ്വരത, ഫെഡറലിസം, ദേശീയത പാഠഭാഗങ്ങളും ഒഴിവാക്കിയവയിൽപെടുന്നു. കോവിഡിന്‍റെ മറവിലാണ് സിലബസിന്‍റെ 30% സിബിഎസ്ഇ വെട്ടിക്കുറച്ചത്.
കോവിഡ് നിലനിൽക്കുന്നതിനാൽ അടുത്ത അധ്യയന വര്‍ഷത്തെ സിലബസ് വെട്ടിക്കുറക്കാൻ സിബിഎസ്ഇ തീരുമാനിച്ചിരുന്നു. ഒമ്പതാം ക്ലാസ് മുതൽ 12 ആം ക്ലാസ് വരെയുള്ള സിലബസിന്‍റെ മുപ്പത് ശതമാനമാണ് സിബിഎസ്ഇ വെട്ടിക്കുറച്ചത്. എന്നാൽ പൊളിറ്റിക്കൽ സയൻസിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത് സുപ്രധാനമായ പാഠഭാഗങ്ങൾ.
പത്താം ക്ലാസിലെ പൊളിറ്റിക്കൽ സയൻസിൽ നിന്ന് ജനാധിപത്യം, ബഹുസ്വരത, ജനകീയ പ്രസ്ഥാനങ്ങൾ, ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്നീ പാഠഭാഗങ്ങളും ഒഴിവാക്കി. പതിനൊന്നാം ക്ലാസിൽ നിന്ന് ഒഴിവാക്കിയത് പൗരത്വം, മതേതരത്വം, ഫെഡറിലസം, ദേശീയത എന്നീ പാഠഭാഗങ്ങളും. ഇതിന് പുറമെ തദ്ദേശ സ്വയംഭരണം സംബന്ധിച്ച അധ്യായത്തിലെ ഉപതലക്കെട്ടുകളായ തദ്ദേശ സ്വയംഭരണത്തിന്‍റെ ആവശ്യകത, ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ ചരിത്രം എന്നീ ഭാഗങ്ങളും ഒഴിവാക്കിയവയിൽപെടുന്നു. ആഭ്യന്തര മൂല്യ നിര്‍ണയത്തിനായും വാര്‍ഷിക പരീക്ഷയുടെ ഭാഗമായും ഈ പാഠഭാഗങ്ങൾ വിദ്യാര്‍ഥികൾ പഠിക്കേണ്ടതില്ല.
രാജസ്ഥാൻ സ്കൂൾ ടെക്സ്റ്റ് ബുക്കിൽ ബിജെപി സര്‍ക്കാര്‍ മാറ്റം വരുത്തിയത് നേരത്തെ വിവാദമായിരുന്നു.