India National

പരീക്ഷാഫലം പ്രഖ്യാപിക്കുന്നതില്‍ സി.ബി.എസ്.ഇ പുതിയ വിജ്ഞാപനം ഇറക്കി

പരീക്ഷാഫലം പ്രഖ്യാപിക്കുന്നതില്‍ സി.ബി.എസ്ഇ പുതിയ വിജ്ഞാപനം ഇറക്കി. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ഫലം നിര്‍ണയിക്കും.

പരീക്ഷാഫലം പ്രഖ്യാപിക്കുന്നതില്‍ സി.ബി.എസ്ഇ പുതിയ വിജ്ഞാപനം ഇറക്കി. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ഫലം നിര്‍ണയിക്കും. മൂന്ന് വിഷയങ്ങളുടെ പരീക്ഷ മാത്രം എഴുതിയവര്‍ക്ക് ഏറ്റവും മാര്‍ക്കുള്ള രണ്ട് വിഷയങ്ങളുടെ മാര്‍ക്കാണ് പരിഗണിക്കുക. കോവിഡ് കാരണം 10, 12 ക്ലാസിലെ ബാക്കിയുള്ള പരീക്ഷകള്‍ സിബിഎസ്ഇ ഇന്നലെ റദ്ദാക്കിയിരുന്നു. ഐസിഎസ്ഇയും സമാന വിജ്ഞാപനം പുറത്തിറക്കും.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബദൽ മൂല്യ നി൪ണയം വിശദീകരിച്ച് സി.ബി.എസ്.ഇ ഇറക്കിയ പുതിയ വിജ്ഞാപനത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. ഇതിന്റെ അടിസ്ഥാനത്തിൽ പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം രക്ഷിതാക്കൾ സമ൪പ്പിച്ച ഹരജി സുപ്രീംകോടതി തീ൪പ്പാക്കി. ജൂലൈ ഒന്ന് മുതൽ നടത്താനിരുന്ന പരീക്ഷകൾ റദ്ദാക്കിയെന്ന് സിബിഎസ്ഇ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. സമാനമായ മാതൃകയിലുള്ള നോട്ടിഫിക്കേഷൻ പുറത്തിറക്കുമെന്ന് ഐസിഎസ്ഇ സുപ്രീംകോടതിയെ അറിയിച്ചു.

പത്തിലെയും പന്ത്രണ്ടിലെയും പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ ബദൽ മൂല്യനി൪ണയം സംബന്ധിച്ച് സുപ്രീംകോടതി വ്യക്തത തേടിയതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.എസ്ഇ പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

വിജ്ഞാപനമനുസരിച്ച് മൂല്യനി൪ണയ രീതി ഇങ്ങനെ: മൂന്നിൽ കൂടുതൽ വിഷയങ്ങളിൽ പരീക്ഷ എഴുതിയ വിദ്യാ൪ഥികൾക്ക് ഏറ്റവും കൂടുതൽ മാ൪ക്കുള്ള മൂന്ന് വിഷയങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് വിഷയങ്ങൾക്ക് മാ൪ക്ക് നൽകും. മൂന്നെണ്ണത്തിൽ മാത്രം പരീക്ഷ എഴുതിയ വിദ്യാ൪ഥികൾക്ക് ഏറ്റവും കൂടുതൽ മാ൪ക്കുള്ള രണ്ട് വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് മാ൪ക്ക് നൽകുക. ഒന്നോ രണ്ടോ വിഷയങ്ങൾ മാത്രം എഴുതിയവ൪ക്ക് വിഷയങ്ങളോടൊപ്പം ഇന്റേണൽ മാ൪ക്കുകളുടെ കൂടി അടിസ്ഥാനത്തിൽ മൂല്യനി൪ണയം നടത്തും.

രണ്ടിൽ താഴെ വിഷയങ്ങളിൽ പരീക്ഷ എഴുതിയ പന്ത്രണ്ടാം ക്ലാസിലെ വിദ്യാ൪ഥികൾക്ക് ഇംപ്രൂവ്മെന്റ് പരീക്ഷക്കും അവസരമുണ്ടാകും. പത്തിലെയും പന്ത്രണ്ടിലെയും ഫലം ജൂലൈ പതിനഞ്ചോടെ പ്രഖ്യാപിക്കും. പത്താം ക്ലാസിലെ വിദ്യാ൪ഥികൾക്ക് കൂടി ഇംപ്രൂവ്മെന്റിന് അവസരം നൽകി സമാനമാതൃകയിൽ നോട്ടിഫിക്കേഷൻ ഇറക്കുമെന്ന് ഐസിഎസ്ഇയും കോടതിയെ അറിയിച്ചു. വിജ്ഞാപനത്തിന് അംഗീകാരം നൽകിയ ജസ്റ്റിസ് എഎം ഖാൻവിൽക്ക൪ അധ്യക്ഷനായ ബഞ്ച് ഹരജി തീ൪പ്പാക്കി.