പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ സമിതിയോഗം ചേരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സി.ബി.ഐയില്‍ വീണ്ടും സ്ഥലം മാറ്റം. നീരവ് മോഡി, മെഹുല്‍ചോക്സി എന്നിവര്‍ പ്രതികളായ വായ്പ തട്ടിപ്പ്കേസുകള്‍ അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരടക്കമുള്ളവരെയാണ് സ്ഥലം മാറ്റിയത്. ഇടക്കാല ഡയറക്ടറായ നാഗേശ്വരറാവുവിനെ നിയമിച്ചതിനെതിനെ ചോദ്യം ചെയ്ത് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ഈ മാസം 24 ന് സെലക്ഷന്‍ സമിതിയോഗം ചേരാനിരിക്കെ ഇരുപത് സി.ബി.ഐ ഉദ്യോഗസ്ഥരെയാണ് ഇടക്കാല ഡയറക്ടറായ നാഗേശ്വര റാവു സ്ഥലം മാറ്റിയത്. ഇതില്‍ നീരവ് മോഡി, മെഹുല്‍ ചോക്സി എന്നിവര്‍ പ്രതികളായ വായ്പ തട്ടിപ്പ് കേസുകള്‍ അന്വേഷിച്ചിരുന്ന എസ്.കെ നായര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുണ്ട്. മുംബൈ ആന്‍റികറപ്ഷന്‍ ബ്യൂറോയിലേക്ക് എസ്.കെ നായരെ സ്ഥലംമാറ്റിയപ്പോള്‍ സ്റ്റെര്‍ലൈറ്റ് വെടിവെപ്പ് കേസ് അന്വേഷിച്ചിരുന്ന ശരവണനെയാണ് പകരം നിയമിച്ചിരിക്കുന്നത്.
ടു ജി സ്പെക്ട്രം കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനായ വിവേക് പ്രിയദര്‍ശിയേയും സ്ഥലം മാറ്റിയിട്ടുണ്ട്. നേരത്തെ അലോക് വര്‍മ്മ നടത്തിയ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ച നടപടിക്കെതിരെ എ.കെ ബസ്സി നാഗേശ്വരറാവുവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ഇതോടൊപ്പം നാഗേശ്വരറാവുവിന്റെ നിയമനത്തെ തന്നെ ചോദ്യം ചെയ്തുള്ള ഹരജിയും കോടതിയിലുണ്ട്. സെലക്ഷന്‍ സമിതിയുടെ അംഗീകരമില്ലാതെ നാഗേശ്വരറാവുവിനെ നിയമിച്ചു എന്നതാണ് വാദം.