India National

ചിദംബരത്തിനെതിരായ അന്വേഷണത്തില്‍ സി.ബി.ഐ 5 രാജ്യങ്ങളുടെ സഹായം തേടി

ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിനെതിരായ അന്വേഷണത്തില്‍ സി.ബി.ഐ 5 രാജ്യങ്ങളുടെ സഹായം തേടിയതായി വിവരം. ഷെല്‍ കമ്പനികളുടെ വിവരങ്ങള്‍ക്കായാണ് യു.കെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹായം തേടിയത്. കേസില്‍ പി.ചിദംബരത്തെ സി.ബി.ഐ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സി.ബി.ഐ കസ്റ്റഡിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ചിദംബരം.

യു.കെ, സ്വിറ്റ്സര്‍ലന്‍ഡ്, മൌരീഷ്യസ്, സിംഗപ്പൂര്‍, ബര്‍മൂഡാ എന്നീ രാജ്യങ്ങല്‍ക്ക് സി.ബി.ഐ കത്തയച്ചതായാണ് വിവരം. പി.ചിദംബരവും കാര്‍ത്തി ചിദംബരവുമായി ബന്ധപ്പെട്ട ഷെല്‍ കമ്പനികളെ കുറിച്ചുള്ള വിവര ശേഖരണത്തിന് സഹായം തേടിയാണ് കത്തയച്ചത്. ബാങ്ക് അക്കൌണ്ട് വിവരങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളും ഇതുവഴി ശേഖരിക്കും. ഐ.എന്‍.എക്സ് മീഡിയക്ക് അടക്കം 6 ഇടപാടുകള്‍ക്ക് ഷെല്‍ കമ്പനികള്‍ വഴി കള്ളപ്പണം വന്നതായാണ് സി.ബി.ഐ കണ്ടെത്തല്‍.

കാര്‍ത്തി ചിദംബരത്തിന് യു.കെയില്‍ ബിനാമി സ്വത്തുക്കള്‍ ഉണ്ടെന്നതിന് ഇമെയില്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സി.ബി.ഐയുടെ കൈയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.എന്‍.എക്സ് ഉടമകളായ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരുമായുള്ള കൂടിക്കാഴ്ച, ഇടപാടുകള്‍ എന്നിവ സംബന്ധിച്ചാണ് ചിദംബരത്തില്‍ നിന്നും VFNBFND അന്വേഷണ സംഘം ചോദിച്ചറിയുന്നത്. ചിദംബരം ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല എന്നാണ് സി.ബി.ഐ വൃത്തങ്ങൾ നൽകുന്ന വിവരം .മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. തെന്നിമാറുന്ന ഉത്തരങ്ങളുമാണ് നല്‍കുന്നത്.

അതിനാല്‍ ചിദംബരത്തെ നേരത്തെ മൊഴി നല്‍കിയവര്‍ക്കൊപ്പവും കാര്‍ത്തി ചിദംബരത്തിനൊപ്പവും ഇരുത്തി ചോദ്യം ചെയ്യാനാണ് സി.ബി.ഐ ആലോചന. അതേസമയം ഉടന്‍ തന്നെ സി.ബി.ഐ കസ്റ്റഡിക്കെതിരെ ചിദംബരം സുപ്രിം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നുണ്ട്.