India National

ഉന്നാവ് പീഡനക്കേസ്; പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി

ഉന്നാവ് പീഡനക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വാഹനാപകട കേസിലാണ് പെണ്‍കുട്ടിയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ പെണ്‍കുട്ടിയെ ഐ.സി.യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴി കൂടി ഉള്‍പ്പെടുത്തി അന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ സുപ്രിം കോടതിയില്‍ ഉടന്‍ സമര്‍പ്പിച്ചേക്കും.

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിയാത്തതിനാല്‍ ഉന്നാവ് വാഹനാപകട ഗൂഢാലോചന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐക്ക് സുപ്രിം കോടതി രണ്ടാഴ്ചത്തെ ഇളവ് അനുവദിച്ചിരുന്നു. സെപ്റ്റംബര്‍ ആറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കോടതി നിര്‍‍‍ദേശം. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസിൽ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ ഇന്നലെയാണ് ഐ.സി.യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയത്. ഈ സാഹചര്യത്തിലാണ് സി.ബി.ഐ ഇന്ന് മൊഴി രേഖപ്പെടുത്തിയത്.

മൊഴി ലഭിച്ചതിനാല്‍ അന്വേഷണ റിപ്പോര്‍ട്ട് സിബിഐ ഉടന്‍ സമര്‍പ്പിച്ചേക്കും. ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉന്നയിച്ച പെണ്‍കുട്ടി ജൂലൈ 29നാണ് ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍പെട്ടത്. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ സുപ്രിം കോടതി നിര്‍ദേശപ്രകാരമാണ് എയിംസിലേക്ക് മാറ്റിയത്.