India National

രാകേഷ് അസ്താനക്കെതിരായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വയം വിരമിക്കാന്‍ ഒരുങ്ങുന്നു

മുന്‍ സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വയം വിരമിക്കാന്‍ ഒരുങ്ങുന്നു. അഴിമതി കേസ് നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ സതീഷ് ഡാഗര്‍ സ്വയം വിരമിക്കലിന് ശ്രമിക്കുന്നത്. സി.ബി.ഐ ഡയറക്ടര്‍ ആയിരുന്ന ആലോക് വര്‍മ നിയമിച്ച അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയാണ് താല്‍ക്കാലിക ഡയറക്ടറായിരുന്ന നാഗേശ്വര റാവു സതീഷ് ഡാഗറിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കിയത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 19 നാണ് സി.ബി.ഐ എസ്.പിയായ സതീഷ് ഡാഗര്‍ സ്വയം വിരമിക്കാനുള്ള അപേക്ഷ വകുപ്പിന് കൈമാറിയത്. രാകേഷ് അസ്താനക്കെതിരായ അഴിമതി കേസ് നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്‍ വിരമക്കാന്‍ ശ്രമിക്കുന്നത് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. മെയ് 31 നായിരുന്നു ഇത് സംബന്ധിച്ച ഉത്തരവ്. സിബിഐ ചട്ടപ്രകാരം മൂന്ന് മാസത്തെ നോട്ടീസ് കാലവധി സതീഷ് ഡാഗറിന് പൂര്‍ത്തിയാക്കേണ്ടി വരും. അതിനാല്‍ല്‍ സതീഷ് ഡാഗര്‍ തന്നെ അന്വേഷണത്തിന് തുടര്‍ന്നും നേതൃത്വം നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഹൈദരബാദ് വ്യവസായിയായ സതീഷ് ബാബു സനയാണ് രാകേഷ് അസ്താനക്കെതിരെയെും മറ്റ് ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാതി നല്‍കിയത്. മാംസ കയറ്റുമതിക്കാരനായ മൊയിന്‍ ഖുറേഷി നല്‍കിയ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ അസ്താനക്കും ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കേണ്ടി വന്നുവെന്നായിരുന്നു പരാതി. തുടര്‍ന്ന് സിബിഐ ഡയറ്ക്ടര്‍ അലോക് വര്‍മ്മയും അസ്താനയും പരസ്പരം അഴിമതി ആരോപണം ഉന്നയിക്കുകയായിരുന്നു. അലോക് വര്‍മ്മയെ കേന്ദ്രസര്‍ക്കാര്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതോടെ പിന്നാലെ താല്‍ക്കാലിക ഡയറക്റായ നാഗേശ്വര റാവു അതുവരെ അസ്താനക്കെതിരെ കേസ് അന്വേഷിച്ചിരുന്ന എ.കെ ബസ്സിയെ മാറ്റി സതീഷ് ഡാഗറിനെ നിയമിക്കുകയായിരുന്നു.