സ്വന്തം ആസ്ഥാനത്ത് റെയ്ഡ് നടത്തി സി.ബി.ഐ. കൈക്കൂലി വാങ്ങിയ സഹപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ആസ്ഥാനത്ത് നടന്ന റെയ്ഡില്‍ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സി.ബി.ഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ് കേസെടുത്തത്.
ബാങ്ക് തട്ടിപ്പ് ആരോപിക്കപ്പെടുന്ന കമ്പനിക്ക് അനുകൂലമായി നടപടി സ്വീകരിച്ചുവെന്നും എല്ലാ മാസവും നല്‍കുന്ന കൈക്കൂലിക്ക് പകരമായി കേസ് വിവരങ്ങള്‍ കൈമാറി എന്നുമാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണം.
വ്യാഴാഴ്ച്ച ഇതുമായി ബന്ധപ്പെട്ട് ഗാസിയാബാദിലെ സി.ബി.ഐ അക്കാദമയില്‍ റെയ്ഡ് നടന്നിരുന്നു. ഡി.വൈ.എസ്.പിമാരായ ആര്‍.കെ റിഷി, ആര്‍.കെ സാങ്‌വാന്‍, സ്റ്റെനോഗ്രാഫര്‍ സമീര്‍ കുമാര്‍ സിംഗ്, ഇന്‍സ്‌പെക്ടര്‍ കപില്‍ ധന്‍കാഡ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു, അഴിമതി നടത്തി തുടങ്ങിയ കേസുകളാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹി, ഗാസിയാബാദ്, നോയിഡ, ഗുര്‍ഗോണ്‍, മീററ്റ്, കാണ്‍പൂര്‍ അടക്കം പതിനാല് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.