ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ ബി.ജെ.പിക്ക് നാണക്കേടുണ്ടാക്കി യു.പി സഹരാന്‍പൂര്‍ ജില്ലാ ബി.ജെ.പി വക്താവ് വിജയേന്ദ്ര കശ്യപ്. സഹരാന്‍പൂരില്‍ ടി.വി ഷോക്കിടെ വിമര്‍ശകനെ ചെരിപ്പൂരി അടിക്കാനൊരുങ്ങുകയായിരുന്നു ബി.ജെ.പി നേതാവ്.
ഒരു സ്വകാര്യ ടി.വി ചാനല്‍ സംഘടിപ്പിച്ച സംവാദ പരിപാടിക്കിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. പരിപാടിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് അരുണ്‍ റാണ രംഗത്തെത്തി. കരിമ്പ് കര്‍ഷകര്‍ക്ക് ഇനിയും കൊടുത്തു തീര്‍ക്കാനുള്ള കുടിശ്ശികയെക്കുറിച്ചായിരുന്നു റാണയുടെ ചോദ്യം.
ഇതോടെ കോപാകുലനായ കശ്യപ് ഇരുന്നിരുന്ന സീറ്റില്‍ നിന്നും എഴുന്നേറ്റ് ചെരിപ്പൂരി റാണയെ അടിക്കാനൊരുങ്ങി. ഉടന്‍ മറ്റുള്ളവര്‍ ചേര്‍ന്ന് ബി.ജെ.പി നേതാവിനെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.