മകളെ ‘കാണാതായെന്ന്’ പരാതി നല്‍കാനെത്തിയ സ്ത്രീയെ പൊലീസുകാര്‍ തല്ലിച്ചതക്കുന്ന വീഡിയോ വൈറലാകുന്നു. ബംഗളൂരുവിലെ കുമാരസ്വാമി ലേഔട്ട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ജനുവരി 19 നാണ് സംഭവം നടന്നത്. എ.എസ്.ഐയും സംഘവും ഒരു സ്ത്രീയെ മര്‍ദിക്കുന്നതും പൊലീസ് സ്റ്റേഷനില്‍ നിന്ന് ബലമായി പുറത്തേക്ക് തള്ളിയിറക്കുന്നതുമാണ് വീഡിയോയില്‍.
പൊലീസ് സ്റ്റേഷന് പുറത്തുവച്ചും സ്ത്രീക്ക് നേരെ മര്‍ദനം തുടര്‍ന്നു. സംഭവം കുടുംബപ്രശ്നമാണെന്നാണ് പൊലീസിന്റെ വിശദീകരണം. സ്വന്തം മകളുമായുള്ള കുടുംബ പ്രശ്നത്തിന്റെ പേരില്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് സ്ത്രീക്ക് നേരെ മര്‍ദനമുണ്ടായത്. ആ സമയത്ത് പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന ഒരാളാണ് വീഡിയോ പകര്‍ത്തിയത്. പൊലീസ് അധികാര ദുര്‍വിനിയോഗം നടത്തുന്നതിന്റെ തെളിവെന്ന പേരില്‍ ഈ വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ എ.എസ്.ഐയെ സസ്‍പെന്‍ഡ് ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ബംഗളൂരു സൌത്ത് ഡി.സി.പി അണ്ണാമലൈ അറിയിച്ചു.