India National

ജാതിവെറി; ഒഡീഷയില്‍ കൗമാരക്കാരന്‍ മാതാവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയത് സൈക്കിളില്‍

ജാതിവെറിയെ തുടര്‍ന്ന് ഒഡീഷയില്‍ കൗമാരക്കാരന്‍ മാതാവിന്റെ മൃതദേഹം സംസ്‌ക്കരിക്കാന്‍ കൊണ്ടുപോയത് സൈക്കിളില്‍ കെട്ടിവെച്ച്. അയല്‍ക്കാര്‍ ആരും തന്നെ സഹായിക്കാന്‍ തയ്യാറാകാതിരുന്നതിനാലാണ് കൗമാരക്കാരന് മാതാവിന്റെ മൃതദേഹം സൈക്കിളില്‍ കൊണ്ടുപോകേണ്ടി വന്നത്. ഒഡീഷയിലെ ജാര്‍സുഗുഡ ജില്ലയിലാണ് സംഭവം.

വെള്ളമെടുക്കാന്‍ പോയപ്പോള്‍ കുളത്തില്‍ വീണ് 45കാരിയായ ജാനകി സിന്‍ഹാനിയ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മകന്‍ സരോജിനും മകള്‍ ബിനിതക്കും ഒപ്പമായിരുന്നു ജാനകി താമസിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സരോജിനിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. പത്ത് വര്‍ഷമായി ഇവര്‍ കര്‍പാബഹല്‍ ഗ്രാമത്തിലാണ് കഴിയുന്നത്.

അയല്‍ക്കാരോടും ബന്ധുക്കളോടും സരോജ് മാതാവിനെ സംസ്‌ക്കരിക്കുന്നതിന് സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും തയ്യാറായില്ല. താഴ്ന്ന ജാതിക്കാരിയെന്ന കാരണത്താല്‍ ജാനകിയുടെ മൃതദേഹം തൊടാന്‍ പോലും ഗ്രാമീണരാരും തയ്യാറായില്ല. ഇതോടെ മാതാവിനെ സൈക്കിളില്‍ കെട്ടിവെച്ച് നാല് കിലോമീറ്റര്‍ അകലെയുള്ള വനപ്രദേശത്ത് കൊണ്ടുപോയി സംസ്ക്കരിക്കാന്‍ സരോജ് നിര്‍ബന്ധിതനാവുകയായിരുന്നു.

ഒഡീഷ ടി.വി അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരുന്നു. അതേസമയം സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ജര്‍സുഗുഡ ജില്ലാ കളക്ടര്‍ പ്രതികരിച്ചത്. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.