കേന്ദ്രത്തിൽ അധികാരത്തിലേറിയാൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ്സ്. സാമൂഹികനീതി, ശാക്തീകരണ പ്രമേയത്തിലാണ് വാഗ്ദാനങ്ങൾ നൽകിയിരിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പിന്റെ മാതൃകയിൽ നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. സ്വകാര്യമേഖലയിൽ സംവരണം നടപ്പാക്കണമെന്ന നിർദേശവും പ്രമേയത്തിലുണ്ട്.
ജുഡീഷ്യറിയിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒബിസി, പട്ടിക വിഭാഗ സംവരണം യാഥാർഥ്യമാക്കും. സർവകലാശാലകളിൽ പട്ടിക വിഭാഗ വിദ്യാർഥികൾക്കെതിരായ വിവേചനം അവസാനിപ്പിക്കാൻ രോഹിത് വേമുല നിയമം കൊണ്ടുവരും. ഒബിസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയമുണ്ടാക്കും
പിന്നാക്ക, പട്ടിക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും സാമൂഹിക, സാമ്പത്തിക സ്ഥിതി വിലയിരുത്തുന്ന സർവേ റിപ്പോർട്ട് എല്ലാ വർഷവും കേന്ദ്ര ബഡ്ജറ്റിനു മുൻപ് പുറത്തിറക്കും. നിതി ആയോഗിന്റെ മാതൃകയിൽ സാമൂഹിക നീതി ആയോഗ് നടപ്പാക്കും. 6 – 14 പ്രായക്കാർക്ക് വിദ്യാഭ്യാസവും ഉച്ചഭക്ഷണവും അവകാശമാക്കി മാറ്റുമെന്നും എല്ലാ ഗർഭിണികൾക്ക് 6000 രൂപ സാമ്പത്തിക സഹായം നൽകുമെന്നും സാമൂഹികനീതി, ശാക്തീകരണ പ്രമേയത്തിൽ പറയുന്നു.
ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് പ്രതിമാസം 7 കിലോഗ്രാം അരി നൽകും. പൊതുമേഖലാസ്ഥാപനങ്ങളിൽ ഒബിസിക്കാരുടെ സ്ഥാനക്കയറ്റം ഉറപ്പാക്കാൻ പ്രത്യേക നിയമം കൊണ്ടുവരും. ദേശീയ ന്യൂനപക്ഷ കമ്മിഷനു ഭരണഘടനാപദവി നൽകുമെന്നും പ്രമേയത്തിൽ പറയുന്നു വ്യക്തമാക്കുന്നു. കരട് പ്രമേയം നാളെ സ്റ്റിയറിങ് കമ്മിറ്റി പരിഗണിക്കും.