കോട്ടയം പാത്താമുട്ടത്ത് കരോള്‍ സംഘത്തെ ആക്രമിച്ച സംഭവം ജില്ല ഭരണകൂടം ഇടപ്പെട്ട് പരിഹരിച്ചെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത് വിട്ടിട്ടില്ല. ഡി.വൈ.എഫ്.ഐ പ്രദേശത്ത് രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചപ്പോള്‍ സംഭവത്തെ തുടര്‍ന്നുണ്ടായ പൊലീസ് നടപടി ഉയര്‍ത്തിക്കൊണ്ടു വരാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ബി.ജെ.പിയും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.
കഴിഞ്ഞ 23ാം തിയതിയാണ് പാത്താമുട്ടത്ത് കരോള്‍ സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം പിന്നീട് രാഷ്ട്രീയ വിഷയമായി വളര്‍ന്നു. സംഭവത്തില്‍ പ്രതിഭാഗത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും വന്നതോടെ കോണ്‍ഗ്രസ് ഇതിനെതിരെ ശക്തമായി രംഗത്ത് വന്നു. എന്നാല്‍ ജില്ല ഭരണകൂടം ഇടപ്പെട്ട് പ്രശ്നം പരിഹരിച്ചു. ഇതോടെയാണ് മേല്‍ക്കൈ നേടാനുള്ള ശ്രമം രാഷ്ട്രീയ പാര്‍ട്ടികള്‍ ആരംഭിച്ചത്. സംസ്ഥാന നേതാക്കളെ അടക്കം സ്ഥലത്ത് എത്തിച്ച് രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയാണ് ഡി.വൈ.എഫ്.ഐയും സി.പി.എമ്മും നീക്കം ആരംഭിച്ചിരിക്കുന്നത്.
അതേസമയം പ്രശ്നം പരിഹരിച്ചതോടെ വെട്ടിലായ കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്ന രാപ്പകല്‍ സമരത്തില്‍ നിന്ന് പിന്‍മാറി. പൊലീസ് നടപടിയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് വിമര്‍ശനം. ഉയര്‍ത്തിക്കൊണ്ട് വരുന്നത്. തെരഞ്ഞെടുപ്പ് അടുത്ത നില്‍ക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പിയും സാന്നിധ്യം അറിയിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിച്ചതിന് ശേഷം കേന്ദ്രമന്ത്രി അല്ഫോണ്‍സ് കണ്ണന്താനം തന്നെ നേരിട്ടെത്തി സ്ഥലം സന്ദര്‍ശിച്ചു.