ഒരു സംഘമെത്തി വനിതാ മാധ്യമ പ്രവര്‍ത്തകയുടെ സമ്മതമില്ലാതെ ചിത്രങ്ങളും വീഡിയോയും എടുത്തു. അസഭ്യവർഷം ചൊരിയുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു.
ഡൽഹി കലാപത്തിലെ സംഘപരിവാര്‍ ഗൂഢാലോചന പുറത്തുകൊണ്ടുവന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കാരവന് മാഗസനിലെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. പ്രഭ്ജീത് സിങ്, ഷാഹിദ് താന്ത്രെ, വനിത മാധ്യമപ്രവർത്തക എന്നിവർക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. അക്രമികളില്‍ ഒരാള്‍ ബിജെപി നേതാവെന്ന് സ്വയം പരിചയപ്പെടുത്തി. അക്രമികള്‍ വർഗീയ പരാമർശങ്ങള്‍ നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തെന്ന് കാരവൻ മാഗസിൻ എക്സിക്യുട്ടീവ് എഡിറ്റർ വിശദമാക്കി.
അയോധ്യയിൽ രാമക്ഷേത്രത്തിന് തറക്കല്ലിട്ട ദിവസം മുതൽ കലാപമുണ്ടായ ഡൽഹി വടക്ക് കിഴക്കൻ മേഖലയിൽ വീണ്ടും സംഘർഷ സാധ്യതയുണ്ടെന്ന് സൂചനയുണ്ടായിരുന്നു. വർഗീയ സംഘർഷം ലക്ഷ്യം വെച്ച് മുസ്ലിം പള്ളിക്ക് മുന്നിൽ കാവി കൊടി നാട്ടിയതായി വിവരങ്ങളുണ്ടായിരുന്നു. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീകൾക്ക് നേരെ പൊലീസിൻറ ഭാഗത്ത് നിന്ന് ലൈംഗികാതിക്രമമുണ്ടായെന്ന് ദി കാരവൻ നേരത്തെ റിപ്പോർട്ടും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തുടർവാർത്തകൾക്കായി സ്ഥലം സന്ദർശിച്ച സംഘത്തിന് നേരെ ആക്രമണമുണ്ടായത്. ബി.ജെ.പി പതാകയുടെ ഫോട്ടോ എടുക്കുന്നതിനിടെ ഒരു സംഘമെത്തി തടഞ്ഞു. ബി.ജെ.പി ജനറല്‍ സെക്രട്ടറിയെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ ഐഡന്റിറ്റി കാര്‍ഡ് ചോദിച്ചു. ഷാഹിദ്, മുസ്ലിം ആണെന്ന് തിരിച്ചറിഞ്ഞതോടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്താന്‍ തുടങ്ങി. ഇവരെ പൂട്ടിയിടുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. അതിനിടെ വനിതാ മാധ്യമ പ്രവര്‍ത്തകയുടെ നേരെ അസഭ്യവർഷം ചൊരിയുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു. പൊലീസെത്തിയാണ് മാധ്യമപ്രവര്‍ത്തകരെ രക്ഷപ്പെടുത്തിയത്. പരാതി നൽകിയെങ്കിലും ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല.
ഡൽഹി കലാപം സംബന്ധിച്ച് ഫെബ്രുവരി മുതല്‍ കാരവന് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നുണ്ട്. കലാപത്തില്‍ രാഷ്ട്രീയ നേതാക്കളുടെയും പൊലീസിന്റെയും പങ്ക് പുറത്തുകൊണ്ടുവന്നതിൽ കാരവൻ നിർണായക പങ്കുവഹിച്ചിരുന്നു. കഴിഞ്ഞ ദിവസവും ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായത്.