India National

സംസ്ഥാനത്ത് വധശിക്ഷ കാത്ത് 18 പേര്‍

സംസ്ഥാനത്ത് വിവിധ ജയിലുകളിലായി 18 പേര്‍ വധശിക്ഷയില്‍ മാറ്റമില്ലാതെ കഴിയുന്നതായി ജയില്‍ വകുപ്പ്. ഇതില്‍ രണ്ട് പേര്‍ പൊലീസ് ഉദ്യോഗസ്ഥരാണെന്നും ജയില്‍ വകുപ്പിന്‍റെ കണക്കുകളില്‍ പറയുന്നു.

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാണ് കൂടുതൽ പേർ വധശിക്ഷ കാത്ത് കഴിയുന്നത്. പത്തുപേരാണ് പൂജപ്പുരയിലുള്ളത്. കണ്ണൂർ സെൻട്രൽ ജയിലിൽ മൂന്നുപേരും വിയ്യൂരിൽ അഞ്ചു പേരുമുണ്ട്. ഉരുട്ടിക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ജിതകുമാറും ശ്രീകുമാറുമാണ് കൂട്ടത്തിലെ പൊലീസുകാർ.

ആര്യാ കൊലക്കേസിലെ പ്രിതകളായ അസം സ്വദേശി പ്രദീബ് ബോറ, രാജേഷ്‌കുമാർ, ഒരുമയനൂര്‍ കൂട്ടക്കൊലയിലെ റെജികുമാർ, മാവേലിക്കര സ്മിത വധക്കേസിലെ വിശ്വരാജൻ, ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെ നിനോ മാത്യു കോളിയൂര്‍ കൊലക്കേസിലെ അനിൽകുമാർ, വണ്ടിപ്പെരിയാറിൽ യുവതിയെയും മകളെയും പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ രാജേന്ദ്രൻ, മണ്ണാർകാട്ട് കൊലക്കേസിലെ പ്രതി ഉത്തർപ്രദേശുകാരനായ നരേന്ദ്രകുമാർ, ഒമ്പതു വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നാസർ അബ്ദുൽ ഗഫൂർ കുണ്ടറ ആലീസ് വധക്കേസിലെ പ്രതി ഗിരീഷ് കുമാർ, ജെറ്റ് സന്തോഷ് വധക്കേസിലെ സോജു, അനിൽകുമാർ ,കൂട്ടക്കൊലകേസിലെ പ്രതി എഡിസൻ, ജിഷ വധക്കേസിലെ അമീറുൽ ഇസ്സാം, മാവേലിക്കരയിൽ ദമ്പതികളെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സുധീഷ് എന്നിവരാണ് വധശിക്ഷ കാത്ത് കഴിയുന്നവര്‍.

അതേസമയം സൌമ്യ വധക്കേസിലെ പ്രതി ഗോവിന്ദ ചാമി അടക്കം പതിനഞ്ചോളം പേര്‍ പത്ത് വര്‍ഷത്തിനിടെ വധശിക്ഷയില്‍ നിന്ന് ഒഴിവായവരുടെ പട്ടികയിലുമുണ്ട്. 1991 ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയതാണ് സംസ്ഥാനത്ത് അവസാനം നടപ്പാക്കിയ വധശിക്ഷയെന്ന് ജയില്‍ രേഖകള്‍ പറയുന്നു. 1979 ലാണ് പൂജപ്പുര ജയിലില്‍ അവസാനം വധശിക്ഷ നടപ്പാക്കിയത്. കളീയ്ക്കാവിള സ്വദേശി അഴകേശനെയാണ് അന്ന് തൂക്കിലേററിയത്.