India National

ഹേമന്ദ് കര്‍ക്കരെയെ ബഹുമാനിക്കാന്‍ കഴിയില്ലെന്ന് ആര്‍.എസ്.എസ് നേതാവ്

ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ടയാളെന്ന നിലയ്ക്ക് ആദരാഞ്ജലിയര്‍പ്പിക്കാമെങ്കിലും മുന്‍ മഹാരാഷ്ട്ര എ.ടി.എസ്(ആന്റി ടെററിസ്റ്റ് സ്ക്വാഡ്) തലവനായിരുന്ന ഹേമന്ദ് കര്‍ക്കരെയെ ബഹുമാനിക്കാന്‍ കഴിയില്ലെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റം തെളിയിക്കാതെ തന്നെ പൊലീസിനെ ഉപയോഗിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഗ്യാ സിംഗ് ഠാക്കൂറിനെ ക്രൂരമായി പീഡിപ്പിച്ചു. എന്നിട്ടും കര്‍ക്കരെയെ കുറിച്ച് പ്രഗ്യ നടത്തിയ പ്രസ്താവന പിന്‍വലിച്ചത് അവരുടെ മനുഷ്യത്വം കൊണ്ടാണെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. കര്‍ക്കരെക്കെതിരെ നടത്തിയ വിവാദ പ്രസ്താവനക്ക് ശേഷം മാധ്യമങ്ങള്‍ രൂക്ഷമായ ചോദ്യശരങ്ങള്‍ കൊണ്ട് പ്രഗ്യാ സിംഗിനെ അപമാനിച്ചതായി ഇന്ദ്രേഷ് കുമാര്‍ ആരോപിച്ചു.

2008 നവംബർ 26ന് ആറ് പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ ഭീകരാക്രമണത്തിനിടയിലാണ് അന്നത്തെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവനായിരുന്ന ഹേമന്ദ് കർക്കരെ കൊല്ലപ്പെടുന്നത്. ഇതിന് രണ്ട് മാസം മുമ്പാണ് മാലേഗാവിലെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പ്രഗ്യയെ അറസ്റ്റു ചെയ്തിരുന്നു. ഈ സംഭവം ഉദ്ധരിച്ചാണ് പ്രഗ്യ ഹേമന്ദ് കര്‍ക്കരയെ താന്‍ ശപിച്ചിരുന്നതായും അതിനാലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചത്. താന്‍ അര്‍ഹിക്കാതിരുന്ന ശിക്ഷയാണ് ഹേമന്ദ് കര്‍ക്കരയുടെ നടപടിയിലൂടെ ഉണ്ടായതെന്നും അവര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാല്‍ പ്രസ്താവന വിവാദമായതോടെ തന്റെ വാക്കുകള്‍ തിരിച്ചെടുക്കുന്നതായും കര്‍ക്കരയെ വധിച്ചത് ഭീകരര്‍ ആണെന്നും അതിനാല്‍ അദ്ദേഹത്തിന്റേത് വീരമൃത്യു ആണെന്നും വിശദീകരിച്ച് അവര്‍ രംഗത്തെത്തിയിരുന്നു.