അതിര്‍ത്തിയിലെ പ്രശ്നം പരിഹരിക്കണമെന്നും ചൈനയുമായി എന്താണ് പ്രശ്നമെന്ന് രാജ്യത്തോട് തുറന്നുപറയാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ചൈനയുമായുള്ള അതിർത്തി തർക്കത്തിനിടയിൽ ചൈനീസ് സൈനികർ ഇന്ത്യയിൽ പ്രവേശിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈനീസ് സൈനികരുടെ ഒരു വലിയ സംഘം തന്നെ കിഴക്കന്‍ ലഡാക്ക് ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നും, ഇന്ത്യ നിലവിലെ സാഹചര്യം നേരിടാനാവശ്യമായ എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.
ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കേന്ദ്രത്തെ ചോദ്യം ചെയ്തിരിക്കുന്നത്. ഇതുവരെ ഒരു ചൈനീസ് പട്ടാളക്കാരനും ഇന്ത്യയില്‍ കടന്നിട്ടില്ലെന്ന് ഇന്ത്യന്‍ സര്‍ക്കാരിന് ഉറപ്പുനല്‍കാന്‍ പറ്റുമോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. കിഴക്കന്‍ ലഡാക്കിലെ സൈനികരുടെ നിലപാട് പരിഹരിക്കാനായി ജൂണ്‍ ആറിന് ഇന്ത്യയിലെയും ചൈനയിലെയും ഉന്നതതലസൈനിക വൃത്തങ്ങള്‍ കൂടിക്കാഴ്ച നടത്താന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടും രാഹുല്‍ പങ്കുവെച്ചു. അതിര്‍ത്തിയിലെ പ്രശ്നം പരിഹരിക്കണമെന്നും ചൈനയുമായി എന്താണ് പ്രശ്നമെന്ന് രാജ്യത്തോട് തുറന്നുപറയാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ഇന്നലെ ലഡാക്ക് അതിർത്തിയിൽ ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റം കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സ്ഥിരീകരിച്ചിരുന്നു. സി.എൻ.എൻ – ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് രാജ്‌നാഥ് സിങ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതാദ്യമായാണ് ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുന്നത്. 5,000-ലേറെ പി.എൽ.എ സൈനികർ പാങ്കോങ്, ഗൽവാൻ പ്രദേശങ്ങളിൽ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ മണ്ണിൽ സ്ഥാനമുറപ്പിച്ചുവെന്ന ആരോപണമുയർന്ന് ആഴ്ചകൾക്കു ശേഷമാണ് ഇക്കാര്യം കേന്ദ്രസർക്കാർ സ്ഥിരീകരിച്ചത്. എന്നാൽ, ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം ചെറുക്കാൻ എന്തൊക്കെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
പ്രശ്നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വാഗ്ദാനത്തെയും രാജ്നാഥ് സിങ് തള്ളിക്കളഞ്ഞു. ചൈനയുമായുള്ള പ്രശ്‌നപരിഹാരത്തിന് ഒരു മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്നായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രിയുടെ പ്രതികരണം. നിലവിൽ സൈനികതല ചർച്ചകൾ നടക്കുന്നുണ്ട്. ജൂണ്‍ ആറിന് ഉന്നതതല ചർച്ചയും നടത്തുമെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
ലഡാക്കില്‍ ചൈനീസ് സൈന്യം അതിക്രമിച്ച് കടന്നതായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളോട് സത്യാവസ്ഥ വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നിരന്തരം ആവശ്യപ്പെടുകയാണ്. കിഴക്കൻ ലഡാക്കിലെ നിയന്ത്രണാതിർത്തിയിലാണ് സംഘർഷ സാധ്യത നിലനിൽക്കുന്നത്. ഇവിടെ ചൈനയുടെ 10,000 ലധികം പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരും വാഹനങ്ങളും തമ്പടിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യയും അത്ര തന്നെ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.