പൗരത്വവുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റിന് അധികാരമുണ്ടെന്നും ഈ അധികാരം കോടതിയില്‍ ചോദ്യം ചെയ്യാന്‍ ആകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്‍ലിം ലീഗ് ഉള്‍പ്പടെ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജികളില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ പൗരത്വ പട്ടിക അനിവാര്യമാണെന്ന് മറുപടി നല്‍കിയത്.
ദേശീയ പൗരത്വ രജിസ്റ്റര്‍ അനിവാര്യമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഡയറക്ടര്‍ ബി.സി ജോഷി ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലുണ്ട്. രാജ്യത്തെ പൗരന്മാരെയും പൗരന്മാര്‍ അല്ലാത്തവരെയും തിരിച്ചറിയാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ അനിവാര്യമാണ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അവര്‍ക്കെതിരെ നടപടി എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍മിക ഉത്തരവാദിത്വം ആണ്.
അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടി എടുക്കുന്നതിനുള്ള വിവേചന അധികാരം സര്‍ക്കാരിന് ഉണ്ടെന്നും അവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാനുള്ള അവകാശം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിക്കാന്‍ ആകില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്.