India National

പ്രശ്നങ്ങള്‍ അവസാനിച്ചു, സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ശിവസേന

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിലെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചതായി ശിവസേന. ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി .മഹാരാഷ്ട്രയിലെ കര്‍ഷകപ്രശ്നങ്ങളെ കുറിച്ചാണ് കൂടിക്കാഴ്ചയെന്ന് എന്‍.സി.പി വ്യക്തമാക്കി.

സഖ്യ സര്‍ക്കാര്‍ രൂപീകരണം അവസാനഘട്ടത്തിലാണെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കും. ഡിസംബറിന് മുമ്പ് തന്നെ ശക്തമായ ഒരു സര്‍ക്കാര്‍ അധികാരത്തിലേറുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

അതേസമയം അപ്രതീക്ഷിതമായാണ് ശരത് പവാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കര്‍ഷക പ്രശ്നങ്ങളിലാണ് കൂടിക്കാഴ്ചയെന്ന് എന്‍.സി.പി വ്യക്തമാക്കിയെങ്കിലും പ്രതിനിധി സംഘമില്ലാതെ ശരത് പവാര്‍ തനിച്ചാണ് പ്രധാനമന്ത്രിയെ കാണാനെത്തിയത് എന്നതാണ് ശ്രദ്ധേയം.

കൂടിക്കാഴ്ചക്ക് മുന്‍പ് സഞ്ജയ് റാവത്ത് രാജ്യസഭയില്‍ ശരത് പവാറുമായി പത്ത് മിനിറ്റോളം സംസാരിക്കുകയും ചെയ്തു. അതേസമയം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി എന്‍.സി.പി നേതാക്കള്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ചര്‍ച്ച നടത്തുന്നുണ്ട്. ശരത് പവാര്‍ പങ്കെടുക്കുന്ന യോഗം വൈകിട്ട് അഞ്ച് മണിക്കാണ്. ഇതിനിടെ എല്ലാ എം.എല്‍.എമാരോടും മുംബൈയില്‍ എത്താന്‍ ശിവസേന ആവശ്യപ്പെട്ടു. ആധാര്‍കാര്‍ഡും ,പാന്‍കാര്‍ഡും കൈവശം വെക്കാനും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.