പഞ്ചാബി ബാഗ് ശ്മശാനത്തിൽ ദിവസവും എത്തുന്നത് ഉള്‍ക്കൊള്ളാനാവുന്നതിലും ഏറെ മൃതദേഹങ്ങളാണ്. അഞ്ച് തവണയാണ് പഞ്ചാബി ബാഗ് ശ്മശാനത്തിലേക്ക് മൃതദേഹവുമായി ഒരു ആംബുലൻസ് ഡ്രൈവര്‍ക്ക് പോകേണ്ടിവന്നത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാൽ നിറഞ്ഞ് ഡൽഹിയിലെ ശ്മശാനങ്ങള്‍. പഞ്ചാബി ബാഗ് ശ്മശാനത്തിൽ ദിവസവും എത്തുന്നത് ഉള്‍ക്കൊള്ളാനാവുന്നതിലും ഏറെ മൃതദേഹങ്ങളാണ്. അഞ്ച് തവണയാണ് പഞ്ചാബി ബാഗ് ശ്മശാനത്തിലേക്ക് മൃതദേഹവുമായി ഒരു ആംബുലൻസ് ഡ്രൈവര്‍ക്ക് പോകേണ്ടിവന്നത്. മൃതദേഹങ്ങളുമായി ശ്മശാനങ്ങളിലെത്തി മടങ്ങി പോരേണ്ട അവസ്ഥയാണുള്ളതെന്ന് ആംബുലന്‍സ് ജീവനക്കാര്‍ പറയുന്നു.
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ ബന്ധുക്കളും ക്വാറന്‍റൈനില്‍ പോകേണ്ടിവരുന്നതിനാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ നേരിട്ടാണ് മൃതദേഹങ്ങള്‍ ഏറ്റെടുത്ത് ശ്മശാനങ്ങളില്‍ കൊണ്ടുപോകുന്നത്. 15 ആശുപത്രികളിലെ മൃതദേഹങ്ങള്‍ ഒരു ശ്മശാനത്തിലേക്ക് എന്ന തരത്തിലാണ് ക്രമീകരണം.
ഒരു ദിവസം 65 മൃതദേഹങ്ങളാണ് പഞ്ചാബി ബാഗിലെ ശ്മശാനത്തില്‍ പരാമവധി സംസ്കരിക്കാനാവുക. ഇലക്ട്രിക് രീതിയില്‍ മാത്രമല്ല മരം ഉപയോഗിച്ചും സംസ്കരിക്കുന്നുണ്ട്. 65ല്‍ അധികം മൃതദേഹങ്ങള്‍ ഈ ശ്മശാനത്തില്‍ ഇപ്പോള്‍ എത്തുന്നുണ്ട്. ഇതോടെ മടക്കി അയക്കുന്ന മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആശുപത്രി അധികൃതരും തയ്യാറാകുന്നില്ല. ഇതോടെ കുടുങ്ങുന്നത് ആംബുലന്‍സ് ഡ്രൈവര്‍മാരാണ്. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍. ദിവസം മുഴുവന്‍ പിപിഇ കിറ്റുകള്‍ ഇടുന്നതിന്‍റെ അവശതകളുമുണ്ട് ഇവര്‍ക്ക്. എത്രയും പെട്ടെന്ന് ഈ പ്രശ്നത്തില്‍ അടിയന്തര പരിഹാരം കാണണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 386 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 8884 ആയി. 11458 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ കോവിഡ് നിരക്കാണിത്. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 3,08,993 ആയി.
മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് സ്ഥിതി ഏറ്റവും സങ്കീര്‍ണം. 3,493 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു. ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 36000 കവിഞ്ഞു. 1214 പേരാണ് ഡല്‍ഹിയില്‍ ഇതുവരെ മരിച്ചത്.